ഇന്തോനേഷ്യയുടെ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് എംബാ ഗോത്തോയുടെ ജന്മവര്‍ഷം 1870 ആണ്. കൃത്യമായിപ്പറഞ്ഞാല്‍ 31 ഡിസംബര്‍ 1870. അതായത് എംബാ ഗോത്തോ ഭൂമിയിലെ ജീവവായു ശ്വസിക്കാന്‍ തുടങ്ങിയിട്ട് 145-വര്‍ഷങ്ങളായി! തന്‍റെ പത്ത് മക്കളേയും നാല് ഭാര്യമാരേയും ആയുസിന്‍റെ കാര്യത്തില്‍ അതിജീവിച്ചു കഴിഞ്ഞു എംബാ. എംബായുടെ അവസാനത്തെ ഭാര്യ മരിച്ചത് 1988-ലാണ്.
എംബായുടെ മക്കളും എല്ലാവരും മരിച്ചു. ഇപ്പോള്‍ പേരക്കുട്ടികളോടും, പേരക്കുട്ടികളുടെ പേരക്കുട്ടികളോടും ഒപ്പമാണ് എംബായുടെ വാസം. എംബായുടെ അവകാശവാദവും ഇന്തോനേഷ്യന്‍ ഔദ്യോഗിക രേഖകളും ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തി എന്നറിയപ്പെടുന്ന ഫ്രഞ്ച്കാരി ജിയാന്‍ കാല്‍മെന്‍റിനേക്കാളും 23-വയസ് കൂടുതലുണ്ട് ഈ മുതുമുതുമുതു മുത്തച്ഛന്. കാല്‍മെന്‍റിന്‍റെ പ്രായം 122-ആണ്.
മദ്ധ്യജാവയിലെ സ്രാഗെന്‍ ആണ് എംബായുടെ സ്ഥലം. ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളും അനുഭവിച്ചു കഴിഞ്ഞു എന്നും മരണത്തെ കാത്തിരിക്കുകയാണെന്നും ആണ് എംബാ പറയുന്നത്.
എംബായുടെ പേരക്കുട്ടി സുര്യാന്തോ പറയുന്നത് 122 വയസ്സുള്ളപ്പോള്‍ മുതല്‍ത്തന്നെ മുത്തച്ഛന്‍ മരണത്തെ സ്വീകരിക്കാന്‍ തയാറായി ഇരിക്കുന്നതാണ്, പക്ഷേ മരണം അദ്ദേഹത്തെ അവഗണിക്കുകയാണ് എന്നാണ്.
“മുത്തച്ഛനുള്ള സമാധിശില 1992-മുതല്‍ തയാറാണ്. 24-വര്‍ഷം മുമ്പ് മുതല്‍,” സുര്യാന്തോ പറഞ്ഞു.
എംബായുടെ പ്രായം ലോകറെക്കോര്‍ഡ് അധികൃതര്‍ ഔദ്യോഗികമായി പരിശോധിക്കുമോ എന്നകാര്യം തീര്‍ച്ചയില്ല. അങ്ങനെ സംഭവിച്ചാല്‍ത്തന്നെയും, എംബായ്ക്ക് മുമ്പേ എംബായേക്കാള്‍ പ്രായമുള്ള മറ്റു രണ്ട് പേര്‍ ലോകമുത്തച്ഛ പദവിക്കായുള്ള യോഗ്യതയുള്ളവരായി രംഗത്തുണ്ട്.
171-വയസുള്ള നൈജീരിയക്കാരന്‍ ജെയിംസ് ഓലോഫിന്‍റൂയിയും, 163-വയസുള്ള എത്യോപ്യക്കാരന്‍ ധഖാബോ എബ്ബയും.
കണ്ണിന്‍റെ കാഴ്ച പൂര്‍ണ്ണമായും മങ്ങിയ എംബാ റേഡിയോ കേട്ടാണ് സമയം കൊല്ലുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി എംബായ്ക്ക് തീരെ അവശതയാണ് താനും.
ക്ഷമയാണ് തന്‍റെ ദീര്‍ഘായുസിന്‍റെ രഹസ്യം എന്നാണ് എംബാ പറയുന്നത്.
Post Your Comments