ന്യൂഡല്‍ഹി : കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍. വടക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലാണ് മാലിന്യക്കുഴിയില്‍ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്ഥലം ആരുടേതാണെന്ന് ഇനിയും തങ്ങള്‍ക്ക് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പെട്രോള്‍ പമ്പിനു സമീപമാണ് മാലിന്യക്കുഴിയുള്ളത്. ഇത് വെള്ളവും പെട്രോള്‍ പമ്പില്‍ നിന്നുള്ള മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സ്ഥലം തങ്ങളുടേതാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഡിഡിഎ വ്യക്തമാക്കി. വെള്ളം നിറഞ്ഞ മാലിന്യക്കുഴിയില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് കാണാതായ അമിത് എന്ന കുട്ടിയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാലിന്യക്കുഴിക്കടുത്തായി സുഹൃത്തുക്കള്‍ക്കൊപ്പം പട്ടം പറത്തി കളിക്കുകയായിരുന്ന അമിതിനെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. അമിതിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെയാണ് മാലിന്യക്കുഴിയില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
Post Your Comments