കൊല്ലം: ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ഗള്‍ഫ് നാടുകളിലും മറ്റും ഹോമിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ ജീവിതം പലപ്പോഴും ദുരിതപൂര്‍ണ്ണമാകാറുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവരായിരുന്ന പ്രവാസികള്‍ പക്ഷേ പ്രവാസജീവിതം ഉപേക്ഷിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാത്തവരായി മാറുമെന്നതാണ് സത്യം. ഇത്തരത്തില്‍ കുടുംബക്കാരാല്‍ തന്നെ തിരസ്‌ക്കരിക്കപ്പെട്ട പ്രവാസികള്‍ കേരളത്തില്‍ നിരവധിയാണ്. കൊല്ലത്തെ ചാത്തന്നൂരില്‍ ഒരു ഗൃഹനാഥന്റെ അവസ്ഥയും ഇതുതന്നെയാണ്.
സ്വന്തം വീട്ടില്‍ പ്രവേശിക്കാനായി പ്രവാസിയായ മധ്യവയസ്‌കന്റെ സത്യാഗ്രഹ സമരം നടത്തുകയാണിപ്പോള്‍. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നീതി കിട്ടണമെന്നാവശ്യപ്പെട്ട് നടുങ്ങോലം വടക്കേമുക്ക് ജെ.പി.വിലാസത്തില്‍ ജയപ്രസാദാണ്(53) സമരവുമായി രംഗത്ത് എത്തിയത്. തന്റെ സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നു കാട്ടി ഇന്നലെ രാവിലെ മുതല്‍ വീടിനുമുന്നിലാണ് ഇദ്ദേഹം സമരം തുടങ്ങിയത്. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ജയപ്രസാദ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്കും മറ്റുമായി ഏതാനും മാസങ്ങളായി നാട്ടില്‍ തന്നെയുണ്ട്.
തിരുവനന്തപുരം ശ്രീചിത്രയില്‍ രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞ ജയപ്രസാദ് സമ്പാദ്യങ്ങളെല്ലാം തന്നെ ചികിത്സയ്ക്കും മറ്റുമായി ചെലവാക്കുകയും ചെയ്തു. രോഗിയായ ഭര്‍ത്താവില്‍ നിന്നും വരുമാനമൊന്നും ലഭിക്കാതായതോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നും പുറത്താക്കുകയും ബന്ധം പിരിയാന്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തതെന്ന് ജയപ്രസാദ് പറയുന്നു. എന്നാല്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ വിഷമിക്കുന്ന ജയപ്രസാദ് തന്റെ സ്വന്തം വീട്ടില്‍ തല ചായ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഭാര്യയ്ക്കും മക്കള്‍ക്കും മുന്‍പില്‍ സത്യഗ്രഹ സമരം നടത്തുന്നത്.
സത്യഗ്രഹം തുടങ്ങിയതോടെ തനിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ജയപ്രസാദ് പറഞ്ഞു. അതേസമയം ജയപ്രസാദിന്റെ അവസ്ഥ കണ്ട നാട്ടുകാര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments