ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹിതരാകുന്ന ആയിരം മുസ്ലീം സ്ത്രീകളില്‍ അഞ്ച് പേര്‍ മുത്തലാക്കിന്റെ ഇരകളാണെന്ന് റിപ്പോര്‍ട്ട്. ഏകപക്ഷീയമായ വിവാഹ മോചനത്തിനെതിരെ രാജ്യമെമ്പാടും വലിയതോതിലുള്ള ചര്‍ച്ചകളാണ് പുരോഗമിയ്ക്കുന്നത്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
മുത്തലാക്ക് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ച് ഇസ്രത് ജഹാന്‍ എന്ന സ്ത്രീകൂടി ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ ഷൈറ ബാനുവും മറ്റൊരു സ്ത്രീയും മുത്തലാക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മുത്തലാക്ക് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെ എങ്ങനെ ബാധിയ്ക്കുന്നു എന്നത് സുപ്രീം കോടതി സ്വമേധയാ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് ഷൈറ ബാനുവും ചില മുസ്ലീം സ്ത്രീകളും മുസ്ലീം വ്യക്തി നിയമത്തിന്റെ തന്നെ സാധുത ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
ഹൗറയില്‍ നിന്നാണ് ഇസ്രത് ജഹാന്‍ വരുന്നത്. നാല് കുട്ടികളുണ്ടായതിന് ശേഷമാണ് ഇസ്രത്തിനെ ഭര്‍ത്താവ് മൊഴി ചൊല്ലുന്നത്. കുട്ടികള്‍ എവിടെയെന്ന് പോലും ഇപ്പോള്‍ അവര്‍ക്കറിയില്ല. ഭര്‍തൃവീട്ടില്‍ നിന്ന് സഹിച്ചത് കൊടിയ പീഡനങ്ങള്‍ ആയിരുന്നു. മുസ്ലീം വ്യക്തിനിയമത്തിലെ രണ്ടാം സെക്ഷന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് ഇസ്രത് വാദിക്കുന്നത്. ഭരണ ഘടന നല്‍കുന്ന മൗലികാവകാശങ്ങളെ ലംഘിയ്ക്കുന്നതാണത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച വലിയ തോതില്‍ ചൂടുപിടിയ്ക്കുന്നത്. മുസ്ലീം വനിത സംഘടനകളും ഇതിന്റെ ഭാഗമായി മുന്നോട്ട് വരുന്നുണ്ട്.
അതേസമയം തലാക്കിന്റെ കാര്യത്തില്‍ സുപ്രീം കോടതിയ്ക്ക് ഇടപെടാനുള്ള അവകാശമില്ലെന്നാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വാദിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് അതീതമാണ് ശരിയത്ത് നിയമങ്ങള്‍ എന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ജമാ അത്ത് ഉലമയും വാദിക്കുന്നത്. ഖുറാനില്‍ പറയുന്ന കാര്യങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നും അവര്‍ വാദിക്കുന്നു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ് അതിനിടയിലാണ് ഇപ്പോള്‍ മുത്തലാക്ക് വീണ്ടും ചര്‍ച്ചയാകുന്നത്.
വാട്‌സ് ആപ്പ് വഴിയും സ്‌കൈപ്പ് വഴിയും പോലും മൊഴി ചൊല്ലുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments