കൊച്ചി: മതപഠനത്തിന്റെ മറവില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നതായി ആരോപണം ഉയര്‍ന്ന മഞ്ചേരിയിലെ സത്യസരണിക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. സത്യസരണിയില്‍ മതപരിവര്‍ത്തനം നടത്തിയ വൈക്കം സ്വദേശിനി അഖിലയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
സെപ്തംബര്‍ ഒന്നിനുളളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അഖിലയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗമായ വുമണ്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡന്റ് സൈനബയുടെ ഇടപെടലും അന്വേഷണ വിധേയമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സത്യസരണിയില്‍ കഴിഞ്ഞ അഖിലയെ എറണാകുളം എസ്.എന്‍.വി സദനത്തിലേക്ക് മാറ്റാനും കോടതി നിര്‍ദ്ദേശിച്ചു.
മതപ്രബോധന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവിടം അനധികൃത മതപരിവര്‍ത്തന കേന്ദ്രമായി മാറിയെന്നും മതംമാറുന്നവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഐഎസ് ബന്ധം സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ അടക്കമുളളവരെ ഇവിടെ നിന്നാണ് മതപരിവര്‍ത്തനത്തിന് വിധേയരാക്കിയത്.
അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സത്യസരണി ഉള്‍പ്പെടെയുളള കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Post Your Comments