റിയാദ് : കാറപകടത്തില്‍ പെട്ട് മരുഭൂമിയിലേ മണലാരണ്യത്തില്‍ കുടുങ്ങിയ സൗദി പൗരനെ മലയാളി രക്ഷിച്ചു. ദമ്മാമില്‍ നിന്ന് ഹുഫൂഫ് വഴിയുള്ള ഹറദ് ഹൈവേയില്‍ ഹുദൈലിയ എന്ന സ്ഥലത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രശസ്തമായ അല്‍മറായി ഡയറി കമ്പനിയിലെ ട്രെയ്‌ലര്‍ െ്രെഡവറായ നൗഷാദ് കുവൈത്ത് അതിര്‍ത്തിയായ ഖഫ്ജിയില്‍ ലോഡിറക്കി അല്‍ഖര്‍ജിലേക്ക് മടങ്ങുമ്പോഴാണ് വിജനമായ പ്രദേശത്ത് റോഡില്‍ നിന്ന് കുറച്ചകലെ മണല്‍ കുന്നിന് മുകളില്‍ കാറിന്റെ മിന്നിക്കൊണ്ടിരുന്ന പാര്‍ക്ക് ലൈറ്റ് കണ്ടത്.
വാഹനത്തിന്റെ വേഗത കുറച്ച് ശ്രദ്ധിച്ചപ്പോള്‍ അപകടത്തില്‍ പെട്ടതാണെന്നും കാറിനുള്ളില്‍ ആളുണ്ടെന്നും മനസിലായി. വാഹനം നിറുത്തി ഇറങ്ങി ഓടി ചെന്നു. റോഡില്‍ നിന്ന് തെറിച്ച് പലകരണം മറിഞ്ഞാണ് കാര്‍ കുന്നിന്‍മുകളിലെത്തിയതെന്ന് മനസ്സിലായി. കാറിന്റെ പ്ലാറ്റ്‌ഫോമില്‍ ചുരുണ്ട് കിടന്ന് ഒരാള്‍ ഞരങ്ങുന്നു. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഉടന്‍ ചിതറിയ സാധനങ്ങള്‍ എല്ലാം നൈഷാദ് സ്വരൂപിച്ച് കാറിനുള്ളിലാക്കി വയ്ച്ചു. ഇക്കൂട്ടത്തില്‍ സൗദികാരന്റെ വാലറ്റും, പണവും ഒക്കെ ഉണ്ടായിരുന്നു. പൊലീസിന്റെ 999 എന്ന നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഹൈവേ പട്രോളിങ് വിഭാഗത്തിന്റെ 996ലേക്ക് വിളിക്കാന്‍ നിര്‍ദേശം കിട്ടി. ഇതിനിടയില്‍ കാറില്‍ നിന്ന് പുകയുയരുന്നത് കണ്ടപ്പോള്‍ തീപിടിക്കുമെന്ന് ഭയം തോന്നി.
തീ പിടിക്കാതിരിക്കാന്‍ ചെയ്യേണ്ട നിര്‍ദേശങ്ങള്‍ പൊലീസ് നല്‍കി. അപകടത്തില്‍ പകുതി തുറന്ന ബോണറ്റ് വലിച്ചുയര്‍ത്തി ബാറ്ററി ടെര്‍മിനലിലെ വയര്‍ മുറിച്ചു. ആള്‍പ്പാര്‍പ്പുള്ള മേഖലയില്‍ നിന്നെല്ലാം അകലെയായതിനാല്‍ പൊലീസ് എത്താന്‍ 40 മിനിറ്റ് എടുത്തു. ഇതിനിടയില്‍ റോഡില്‍ കയറി നിന്ന് മറ്റ് വാഹനങ്ങള്‍ തടഞ്ഞു നിറുത്തി സഹായം ചോദിച്ചു.പലരും വാഹനം നിര്‍ത്താതെ പോയി. ചിലര്‍ വാഹനം നിര്‍ത്തി അപകടമാണെന്നും ആള്‍ മരണാസന്ന നിലയിലാണെന്നും അറിഞ്ഞപ്പോള്‍ പെട്ടെന്ന് രക്ഷപെട്ടോ..അല്ലേല്‍ നീയും ജയിലില്‍ ആകും എന്നു പറഞ്ഞു.
ഒടുവില്‍ ഒരു സുഡാന്‍ പൗരന്‍ വാഹനം നിറുത്തുകയും നൗഷാദിനോടൊപ്പം പൊലീസ് വരുന്നതും കാത്തുനില്‍ക്കുകയും ചെയ്തു. പൊലീസും ഹുഫൂഫ് സൗദി അരാംകോ പ്‌ളാന്റിലെ ഫയര്‍ഫോഴ്‌സും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്തി. കാറിനുള്ളില്‍ അപ്പോഴും ഞരങ്ങുകയായിരുന്ന യുവാവിനെ ഉടന്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ കിടത്തി പ്രാഥമിക ശുശ്രൂഷ നല്‍കി. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ധന്യതയിലാണ്. സൗദി പൗരന്റെ കുടുംബം ഇപ്പോള്‍ നൗഷാദിനേ നേരില്‍ കാണാന്‍ ഇരിക്കുകയാണ്. പോലീസും നൗഷാദിനെ അഭിനന്ദിച്ചു.
Post Your Comments