2017ല്‍ ചൂട് കുറയുമെന്ന് പ്രവചനം. വര്‍ഷാവര്‍ഷം ക്രമാനുഗതമായി ചൂട് കൂടുന്നത്തിനു ആശ്വാസമായി പുതിയ പ്രവചനം. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും ചൂടേറിയ മാസമായി കഴിഞ്ഞ ജൂലൈയെ തിരഞ്ഞെടുത്തിരുന്നു. അന്തരീക്ഷമലിനീകരണവും കാലാവസ്ഥാമാറ്റവും ചൂട് വര്‍ധിപ്പിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ആശ്വാസകരമായ വാർത്ത വന്നിരിക്കുന്നത്.
ലോകം ചൂടില്‍ നിന്നും വരും വര്‍ഷം രക്ഷപ്പെടുക പസഫിക് സമുദ്രത്തിലെ പ്രതിഭാസമായ എല്‍ നിനോയുടെ രൂക്ഷത കുറയുന്നതിനാലെന്നാണ് കരുതുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നത് 2014നേയും 2015നേയും അപേക്ഷിച്ച് 2016 ചൂടേറിയ വര്‍ഷമാകാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ്. 2016നെ അപേക്ഷിച്ച് ചൂട് കുറഞ്ഞതായിരിക്കും 2017 എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നതെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ കാലാവസ്ഥാവിഭാഗം അറിയിക്കുന്നത്. എല്‍നിനോയുടെ എതിര്‍ പ്രതിഭാസമായ ലാ നിനോ ശക്തിപ്പെടാനുള്ള സാധ്യതയും കുറവാണെന്നാണ് കരുതപ്പെടുന്നത്.
ആഗോളതലത്തില്‍ 1998ല്‍ ശക്തമായ എല്‍ നിനോയുടെ ഫലമായാണ് ഊഷ്മാവ് വലിയതോതില്‍ വര്‍ധിച്ചത്. ചൂട് 2005വരെ കൂടുതലായിരുന്നു. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള കാലയളവില്‍ പസഫിക് സമുദ്രത്തിലെ ഉഷ്ണവാതപ്രവാഹങ്ങള്‍ക്ക് കാരണമാകുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് ഭൂമിയുടെ ഒരു ഭാഗത്ത് കടുത്ത വരള്‍ച്ചക്കും ജലക്ഷാമത്തിനും ചൂടിനും കാരണമാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിനും നാശത്തിനും കാരണമാകുന്നു.
പ്രകൃതിയിലെ സ്വാഭാവിക പ്രതിഭാസമാണ് ചൂട് കുറയുന്നതും കൂടുന്നതും. കാലാവസ്ഥ മാറ്റത്തിനും നിലവിലുള്ള അതിവേഗത്തിലുള്ള ചൂട് വര്‍ധനക്കും കാരണമായിരിക്കുന്നത് അന്തരീക്ഷ മലിനീകരണം പോലുള്ള മനുഷ്യന്റെ ഇടപെടലുകളാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന പാരിസ് ഉച്ചകോടിയില്‍ ലോകരാജ്യങ്ങള്‍ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് കരാറിലെത്തിയിരുന്നു.
Post Your Comments