ബെയ്റൂട്ട്: റഷ്യന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന്‍ ഇതാദ്യമായി ആലെപ്പോയിലെ തീവ്രവാദ ലക്ഷ്യങ്ങള്‍ക്ക് നേരേ ക്രൂയിസ് മിസ്സൈലുകള്‍ തൊടുത്തു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനിലെ വ്യോമത്താവളങ്ങള്‍ ഉപയോഗപ്പെടുത്തി ഐഎസ് ലക്ഷ്യങ്ങള്‍ക്ക് നേരേയുള്ള തങ്ങളുടെ ആക്രമണം കടുപ്പിച്ച റഷ്യ ക്രൂയിസ് മിസ്സൈല്‍ ഉപയോഗിച്ചതിലൂടെ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച തങ്ങളുടെ സിറിയന്‍ ഇടപെടല്‍ ഒരുപടി കൂടി ഉയര്‍ത്തിയിരിക്കുകയാണ്.
മെഡിറ്ററേനിയന്‍ കടലില്‍ നിന്ന്‍ ഇതാദ്യമായാണ് റഷ്യ ക്രൂയിസ് മിസ്സൈലുകള്‍ തൊടുക്കുന്നതെങ്കിലും, കഴിഞ്ഞ വര്‍ഷം കാസ്പിയന്‍ കടലില്‍ നങ്കൂരമിട്ട തങ്ങളുടെ യുദ്ധക്കപ്പലുകളില്‍ നിന്നും ക്രൂയിസ് മിസ്സൈല്‍ പ്രയോഗം നടത്തിയിരുന്നു. മൂന്ന്‍ ക്രൂയിസ് മിസൈലുകളാണ് റഷ്യ ഇന്നലെ പ്രയോഗിച്ചത്. ആകാശത്ത് നിന്നുള്ള റഷ്യയുടെ പിന്തുണ ഉപയോഗപ്പെടുത്തി സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍-അസദിന്‍റെ സേന തങ്ങളെ ചെറുക്കുന്ന വിമതര്‍ക്കെതിരെയും വന്‍മുന്നേറ്റം നടത്തുകയാണ്.
അതേ സമയം, വടക്ക്കിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് പട്ടണമായ ഹസാക്കയില്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന വിമതസേനയെ അക്രമിക്കുന്നതില്‍ നിന്ന്‍ അസദിന്‍റെ സേനയെ തടയാന്‍ അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യം യുദ്ധവിമാനങ്ങളുടെ പട്രോളിംഗ് പറക്കലുകള്‍ നടത്തി. പെന്‍റഗണ്‍ അറിയച്ചതാണ് ഇക്കാര്യം.
അമേരിക്കന്‍ സഖ്യസേനയ്ക്ക് നേരെയോ തങ്ങള്‍ പിന്തുണയ്ക്കുന്ന വിമതസേനയ്ക്ക് നേരെയോ അക്രമണം നടത്തുന്നതിനെതിരെ അസദിന്‍റെ സിറിയന്‍ സേനയ്ക്ക് പെന്‍റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് ശക്തമായ മുന്നറിയിപ്പും നല്‍കി.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ജബാത്ത് ഫത്ത അല്‍-ഷാമിനെ ലക്ഷ്യം വച്ചായിരുന്നു റഷ്യയുടെ ക്രൂയിസ് മിസ്സൈല്‍ അക്രമണം. അല്‍-ഖ്വയ്ദയുടെ സഖ്യകക്ഷിയായിരുന്ന സമയത്ത് നുസ്ര ഫ്രന്‍റ് എന്നറിയപ്പെട്ടിരുന്ന തീവ്രവാദസംഘമാണിത്.
Post Your Comments