ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഒളിംപിക്സ് ഫൈനലില്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടാന്‍ പി വി സിന്ധു തയാറെടുക്കുമ്പോള്‍, ഗൂഗിളില്‍ ഇന്ത്യക്കാര്‍ തെരഞ്ഞത് സിന്ധുവിന്‍റെ ജാതി!
ഒളിംപിക്‌സില്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി പി.വി സിന്ധു തയാറെടുക്കുന്ന സമയത്താണ് ഗൂഗിള്‍ സെര്‍ച്ചില്‍ സിന്ധുവിന്‍റെ ജാതി സംബന്ധിച്ച സെര്‍ച്ചുകള്‍ ട്രെന്‍ഡിംഗ് ആയത്. ഈ സമയത്ത് ഗൂഗിളില്‍ മുന്നിട്ടു നിന്ന വിഷയങ്ങളിലൊന്ന് ഇന്ത്യയുടെ ഈ അഭിമാനതാരത്തിന്‍റെ ജാതി സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞു കൊണ്ടുള്ള സെര്‍ച്ചുകളാണ്. ഗൂഗിളിന്‍റെ കണക്കുകള്‍ പ്രകാരം നിരവധി ഇന്ത്യക്കാര്‍ സിന്ധുവിന്റെ ജാതി തേടി ഗൂഗിളില്‍ സെര്‍ച്ച് നടത്തി. ഗൂഗിള്‍ ട്രെന്‍ഡ്‌സ് വഴി പുറത്തുവന്ന ഇതുസംബന്ധിച്ച കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
കഴിഞ്ഞ ഏഴു ദിവസങ്ങളായി സിന്ധുവായിരുന്നു ട്രെന്‍ഡിംഗ് ടോപ്പിക്കുകളില്‍ പലപ്പോഴും മുന്നിട്ടു നിന്നിരുന്നത്. പക്ഷേ സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി സിന്ധു തയാറെടുക്കുന്ന സമയത്ത് ജാതി സംബന്ധിച്ച അന്വേഷണങ്ങള്‍ അതിന്‍റെ പരകോടിയിലെത്തി. കരോളിന മാരിന്‍ എന്ന സ്പാനിഷ് പ്രതിഭയുമായി സിന്ധു ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഇന്നലെ രാജ്യത്തെ ഒന്നാകെ അപമാനിക്കുന്ന ഈ അന്വേഷണത്തിന്‍റെ തോത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ജൂണ്‍, ജൂലൈ മാസങ്ങളിലും ഗൂഗിളിലൂടെ ഇന്ത്യക്കാര്‍ സിന്ധുവിന്റെ ജാതി തേടിയെങ്കിലും ഓഗസ്റ്റില്‍ ഇത് ജൂലൈയെ അപേക്ഷിച്ച് പത്ത് ശതമാനം ഇരട്ടിയായി. സിന്ധുവിനെ സ്വന്തമാക്കാന്‍ തെലങ്കാനയും ആന്ധ്രയും തമ്മിലുള്ള പോരാട്ടവും ഈ വിചിത്ര സെര്‍ച്ചിന് കാരണമായേക്കാം എന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
Post Your Comments