KeralaNews

ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് നിർണ്ണായക വിവരവുമായി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. കൊലപാതകമാണെന്ന് ആരോപിച്ച്‌ രംഗത്ത് വന്ന ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു തെളിവും ഇതു വരെ ഹാജരാക്കാനായിട്ടില്ല. ബിജു രമേശിന്റെയും സ്വാമിയുടെ ബന്ധുക്കളുടേയും ആരോപണങ്ങളെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിട്ട തുടരന്വേഷണം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് ഗുണ്ടാ നേതാവ് പ്രിയനെ ഉപയോഗിച്ച്‌ സ്വാമിയെ കൊലപ്പെടുത്തി എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

ശ്രീനാരായണ ധര്‍മവേദി നേതാവും ബാറുടമയുമായ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് കാരണം.പുനരന്വേഷണം തുടങ്ങി ഏഴ് മാസം പിന്നിടുമ്പോഴും ആരോപണം ഉന്നയിച്ച ഒരാള്‍ക്ക് പോലും ഇക്കാര്യത്തില്‍ തെളിവ് നല്കാന്‍ കഴിഞ്ഞിട്ടില്ല.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് തുടരന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.സ്വാമി മരിക്കുന്ന ദിവസം ആരോപണവിധേയനായ പ്രിയന്‍ തിരുവനന്തപുരത്ത് എടിഎസ് എന്ന സ്ഥാപനത്തില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രിയന്‍ അന്ന് ആലുവയില്‍ ചെന്നതായി ഒരു മൊഴിയും ലഭിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് പ്രവീണ്‍ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന സുജിത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നു. എന്നാല്‍ തന്നെ ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്ന് വാക്ക് പ്രിയന്‍ പാലിച്ചില്ല എന്ന് മാത്രമായിരുന്നു സുജിത്തിന്റെ മൊഴി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പോസ്റ്റ്മോര്‍ട്ടം വീഡിയോ വിശദമായി പരിശോധിച്ചതില്‍ ഒരു തിരിമറിയും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. തലയോട്ടി തുറന്നത് ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുള്ളത്.ബിജു രമേശിനെ ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടും ഒരു തെളിവും നല്‍കാനായില്ല. മൊഴി മാറ്റുമോ എന്ന സംശയത്താല്‍ ബിജുവിന്റെ മൊഴി വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button