സ്വകാര്യ ഫോണ്‍ സംഭാഷണവും ചില ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണി
ന്യൂഡല്‍ഹി● കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ ഭാര്യയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നതായി പരാതി. രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ ഫോണ്‍ വഴി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവിടുമെന്നുമെന്ന് കുടുംബസുഹൃത്തായ യുവാവ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ഡല്‍ഹി സ്വദേശി പ്രദീപ് ചൗഹാനെതിരെയാണ് ഭാരതി സിംഗ് പരാതി നല്‍കിയിരിക്കുന്നത്.
ആഗസ്ത് ആറിന് സിംഗിന്റെ ഭാര്യയുമായി നടത്തിയ ഫോണില്‍ സ്വകാര്യ സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സ്വകാര്യ സംഭാഷണവും ചില ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ കൈവശം ലൈസന്‍സുള്ള തോക്കുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ അപകടപ്പെടുത്തുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.
പ്രദീപിന്‍റെ പക്കലുള്ള തന്‍റെ സംഭാഷണവും വീഡിയോയും കൃത്രിമമായി ചിത്രീകരിച്ചതാണെന്ന് ഭാരതി സിംഗ് പരാതിയില്‍ വ്യക്തമാക്കുന്നു. വീഡിയോ ദൃശ്യങ്ങളിലെ ഉള്ളടക്കമെന്താണെന്ന് വ്യക്തമല്ല. ഫോണില്‍ വിളിച്ച് നിരന്തരം അപമാനിച്ചുവെന്നും ഭര്‍ത്താവിന്റെ നല്ലപേര് ഇല്ലാതാക്കുമെന്ന് പറഞ്ഞതായും അവര്‍ പൊലീസിനെ അറിയിച്ചു.
വീഡിയോയും സംഭാഷണവും പ്രദീപ് എഡിറ്റ് ചെയ്ത് കൃത്രിമമയി നിര്‍മ്മിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുന്‍ കരസേന മേധാവിയായിരുന്ന വി.കെ സിംഗ് വിരമിച്ച ശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. നിലവില്‍ മോദി മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയാണ്.
Post Your Comments