ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷനില്‍ 20 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി കഷ്ടതകള്‍ അനുഭവിച്ചവര്‍ക്ക് സ്വാന്ത്ര്യദിന സമ്മാനം നല്‍കി.
ഇപ്പോള്‍ 25,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇനിമുതല്‍ 30,000രൂപ ലഭിക്കും. എഴുപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടില്‍ നിന്ന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
ആദിവാസി-ഗോത്ര വംശജരുടെ ഇടയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗോജ്ജ്വല സ്മരണകള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മ്യൂസിയങ്ങള്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
“ആദിവാസികള്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ അതിപ്രധാനമായ ഒരു പങ്കാണ് വഹിച്ചത്. വരും തലമുറകള്‍ക്ക് അവരുടെ ധീരോദാത്തമായ ഈ പങ്കിനെക്കുറിച്ച് അറിവ് ലഭിക്കുന്ന വിധത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മ്യൂസിയങ്ങള്‍ ആരംഭിക്കാനാണ് ഗവണ്മെന്‍റ് പദ്ധതിയിടുന്നത്,” പ്രധാനമന്ത്രി പറഞ്ഞു.
ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ 73-ആം വാര്‍ഷികവേളയില്‍, കഴിഞ്ഞ ഓഗസ്റ്റിലും മോദി ഗവണ്മെന്‍റ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ഡിയര്‍നസ് അലവന്‍സില്‍ 218 ശതമാനം വര്‍ദ്ധനവ് വരുത്തിയിരുന്നു.
ജനുവരി 1, 2015 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 35,900 സ്വാതന്ത്ര്യസമര സേനാനികള്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹരായി ഉണ്ട്.
Post Your Comments