ഇസ്ലാമാബാദ് ∙ ഇന്ത്യയെ പാഠം പഠിപ്പിക്കാൻ കശ്മീരിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന് ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ് പാക്ക് സൈനിക മേധവിയോട് ആവശ്യപ്പെട്ടു. ‘ഇത്തവണ കശ്മീരിലെ ജനങ്ങൾ തെരുവിലാണ്. ഈ പ്രതിഷേധം വലിയൊരു സമരമായി മാറുകയാണ്. കശ്മീരിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടാണ്. ഹുറിയത്തിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ചു നിൽക്കുകയാണ്. കശ്മീരിൽ മരിച്ചുവീണവരുടെ ജീവത്യാഗം വെറുതെയാകില്ല’– ചൊവ്വാഴ്ച ലാഹോറിൽ നടന്ന യോഗത്തിൽ സയീദ് പറഞ്ഞു.
സൈന്യത്തെ കശ്മീരിലേക്ക് അയക്കാൻ പാക്കിസ്ഥാൻ സൈനിക മേധാവി റഹീൽ ഷരീഫിനോട് ഹാഫിസ് സയീദ് ആവശ്യപ്പെട്ടുവെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കശ്മീരിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കൂടിയായ ഹാഫിസ് സയീദിന്റെ നിർദേശം.ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതിലധികം പേർക്കാണ് ഇതുവരെ സംഘർഷത്തിൽ ജീവൻ നഷ്ടമായത്.
രണ്ടാഴ്ച മുന്‍പ് ഹാഫിസ് സയീദിന്റെ മകന് തല്‍ഹ സയീദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു .അതിനിടെ, കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന പ്രമേയം പാക്ക് പാര്‍ലമെന്റ് പാസാക്കി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന് ഒരു സംഘത്തെ കശ്മീരില്‍ അയച്ചു വസ്തുതകള്‍ പഠിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments