ദുബായ്: ദുബായിൽ അപൂർവയിനം മുതലകളുമായി പാർക്ക് ഒരുങ്ങുന്നു. വിവിധയിടങ്ങളിൽ നിന്നുള്ള മുതലകൾ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ഈ മുതലക്കുളം. വളരെ അടുത്ത നിന്ന് തന്നെ മുതലകളെ കാണാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിശാലമായ കുളത്തിന്റെയും മനോഹരമായ പാർക്കിന്റെയും അന്തിമഘട്ട നിർമാണത്തിലെത്തിയിരിക്കുകയാണ്. മുഷ്‌രിഫ് പാർക്കിനടുത്തു ഈ വർഷം അവസാനം പാർക്ക് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള മുതലപ്പാർക്കിന്റെ 75% നിർമാണം പൂർത്തിയായി.
ഇവിടെ ആഫ്രിക്കൻ മുതല എന്നറിയപ്പെടുന്ന നൈൽ നദിയിൽ കാണപ്പെടുന്ന വലിയ ഇനം മുതലകളെ കാണാൻ സാധിക്കും. ആഫ്രിക്കൻ ആൺമുതലയ്‌ക്കു മൂന്നര മുതൽ അഞ്ചുമീറ്റർ വരെ നീളവും 750 കിലോയിലേറെ ഭാരവുമുണ്ടാവും. ഇതിന്റെ 30% വരെ വലുപ്പക്കുറവാണ് പെൺമുതലകൾക്ക്. മറ്റു മുതലകളേക്കാൾ അപകടകാരികളായ ഇവർക്ക് ഏതു സാഹചര്യത്തിലും ജീവിക്കാനാകും. ഇരകൾക്കായി ദിവസങ്ങളോളം കാത്തിരിക്കാൻ കഴിയുന്നതും ഇവയുടെ പ്രത്യേകതയാണ്.
അധികൃതർ ഈ പാർക്കിനെ കേവലമൊരു പാർക്ക് എന്നതിലുപരിയായി വിദ്യാർഥികൾക്കും ഗവേഷകർക്കും വിജ്‌ഞാനം പകരുന്ന പഠനകേന്ദ്രമാക്കാനാണ് ആലോചിക്കുന്നത്. മുതലകളെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പാർക്കിൽ നിന്നു സന്ദർശകർക്കു ലഭ്യമാകും. പാർക്ക് നിർമിക്കുന്നത് പരിസ്‌ഥിതി സൗഹൃദ സാമഗ്രികൾ കൊണ്ടാണ്. സ്വാഭാവികമായി അണിയിച്ചൊരുക്കിയ വിശാലമായ മേഖലയിൽ മുതലകൾക്കു പ്രജനനത്തിനും സ്വതന്ത്രമായി ജീവിക്കാനും സൗകര്യമൊരുക്കുന്നു. മുതലപ്പാർക്കിനെ മുഷ്‌രിഫ് റിസർവ്, സഫാരി പദ്ധതി, ഇതര പരിസ്‌ഥിതി സൗഹൃദ മേഖലകൾ എന്നിവയുമായി ബന്ധിപ്പിക്കും.
Post Your Comments