NewsSports

ക്രിക്കറ്റിന് നല്‍കുന്ന അമിത പ്രാധാന്യമുള്‍പ്പെടെ ഇന്ത്യയ്ക്ക് ഒളിംപിക് മെഡല്‍ അന്യമാകുന്നതിന്‍റെ കാരണങ്ങള്‍ നിരത്തി ചൈന

റിയോ ഒളിംപിക്സും അന്ത്യഘട്ടത്തിലേക്കടുക്കുകയാണ്. സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം ഒളിംപിക്സ് പ്രകടനമാകും റിയോയിലേത് എന്ന്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഗുസ്തി താരങ്ങളും ബാഡ്മിന്‍റ്ണ്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം നേടിയ പി.വി. സിന്ധുവും മാത്രമാണ് അവശേഷിക്കുന്ന മെഡല്‍ പ്രതീക്ഷകള്‍. ഏറെ പ്രതീക്ഷയോടെ റിയോയിലേക്ക് പോയ ഷൂട്ടിംഗ് സംഘവും, അമ്പെയ്ത്ത് ടീമും, സൈനാ നെഹ്വാളും പോരാട്ടം മതിയാക്കിക്കഴിഞ്ഞു. പുരുഷഹോക്കിയില്‍ 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിഞ്ഞെങ്കിലും യൂറോപ്യന്‍ ടീമുകളെ അപേക്ഷിച്ച് നാം എത്രമാത്രം പുറകിലാണെന്നുള്ളത് ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്‌, ബെല്‍ജിയം എന്നീ ശക്തന്മാരുമായുള്ള മത്സരങ്ങള്‍ വെളിപ്പെടുത്തിത്തന്നു. ജിംനാസ്റ്റിക്സ് ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യാക്കാരിയായി മാറുകയും, ഫൈനലില്‍ ജീവന്മരണ ചാട്ടമായ “പ്രുഡനോവ” വിജയകരമായി അവതരിപ്പിച്ച് നാലാം സ്ഥാനം നേടുകയും ചെയ്ത ദിപ കര്‍മാക്കര്‍ മെഡല്‍ വരള്‍ച്ചയ്ക്കിടയിലും രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കി.

125-കോടി ജനങ്ങളോടെ ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന, വലിപ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യം ഒളിംപിക്സെന്നല്ല, ഏത് കായികമേളയിലായാലും ചാമ്പ്യന്മാരെ സൃഷ്ടിക്കാനും, മെഡലുകള്‍ നേടാനും ബുദ്ധിമുട്ടുന്ന കാഴ്ചകണ്ട് സങ്കടം വന്നതും, അതെന്താണെന്ന് ആലോചിച്ച് തലപുകച്ചതും ഇന്ത്യാക്കാരല്ല, മറിച്ച് കായികരംഗത്തെ ലോകശക്തി തന്നെയായ ചൈനയാണ്.

ലോകജനസംഖ്യയില്‍ തങ്ങളെ കടത്തിവെട്ടാന്‍ കുതിക്കുന്ന ഇന്ത്യ ഒളിംപിക്സ് പോലുള്ള വന്‍കായികമേളകളില്‍ വന്‍പരാജയമാകുന്നതിന്‍റെ കാരണത്തെപ്പറ്റി ചൈനീസ് മാദ്ധ്യമങ്ങള്‍ പഠനം നടത്തി. കാരണങ്ങളും അവര്‍ കണ്ടെത്തി.

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്, കായികരംഗത്ത് പെണ്‍കുട്ടികളുടെ പങ്കാളിത്തത്തിന് ലഭിക്കേണ്ടതായ പ്രോത്സാഹനത്തിന്‍റെ അഭാവം, ആണ്‍കുട്ടികളെ ഡോക്ടര്‍, എഞ്ചിനീയര്‍ മുതലായ സ്റ്റാറ്റസ് സിംബല്‍ ജോലികള്‍ക്കായി മാത്രം നിര്‍ബന്ധിക്കുന്നത്, സമ്മര്‍ദ്ദത്തിലാക്കുന്നത്, ഇതിനെല്ലാമുപരി ക്രിക്കറ്റിനു നല്‍കുന്ന അമിതപ്രാധാന്യം. ഇന്ത്യയുടെ മെട്രോ നഗരങ്ങള്‍ ക്രിക്കറ്റ് കമ്പത്തിന്‍റെ സമ്പൂര്‍ണ്ണാധിപത്യത്തിലാണ്. ക്രിക്കറ്റിനു നല്‍കുന്ന അമിതപ്രാധാന്യം കാരണം ഗ്രാമപ്രദേശങ്ങളിലും മറ്റ് കായികഇനങ്ങളെപ്പറ്റി അജ്ഞത ഉടലെടുത്തു കഴിഞ്ഞു. ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന ഹോക്കിയുടെ പ്രഭ മങ്ങാന്‍ കാരണം ഇങ്ങനെ ഉടലെടുത്ത അജ്ഞത മൂലം യുവാക്കള്‍ – പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ യുവാക്കള്‍ – ഹോക്കിയിലേക്ക് വരാത്തതാണ്. ഇന്ത്യയുടെ ഗ്രാമീണ മേഖലയ്ക്ക് ഒളിംപിക്സ് പോലുള്ള മഹാമേളയെപ്പറ്റി അറിവില്ല എന്നുള്ള തിരിച്ചറിവില്‍ നിന്ന്‍ പോംവഴികള്‍ തെടിയാലേ ഇപ്പോള്‍ത്തന്നെ ഒരുപാടു വൈകിയെങ്കിലും, ഇനിയാണെങ്കിലും ശരിയായ രീതിയിലുള്ള ഒരു കായികസംസ്കാരം ഇന്ത്യയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button