IndiaNews Story

ഒന്നര ദശകം മുന്‍പ് മോദി നേടിയ വിജയം ആവര്‍ത്തിക്കാന്‍ രൂപാണിക്കു കഴിയുമോ? ഗുജറാത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചൊരു അവലോകനം

ന്യൂസ് സ്റ്റോറി

ഗുജറാത്ത് മുഖ്യമന്ത്രിയായി ജൈന സമുദായത്തിലെ വിജയ് രൂപാണി മുഖ്യമന്ത്രിയായതോടെ ഗുജറാത്ത് രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.2001ല്‍ മോദി ഏറ്റെടുത്ത വെല്ലുവിളി ഇപ്പോള്‍ രൂപാണിയുടെ മുന്നില്‍. മോദിയെപ്പോലെ കഠിനാധ്വാനിയാണു രൂപാണിയും. സ്കൂള്‍കാലം മുതല്‍ സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍. അമിത് ഷായുടെ അടുത്ത വിശ്വസ്തന്‍. 60 വയസുള്ള രൂപാണി എംഎല്‍എ ആയതു തന്നെ ഇക്കുറി ആദ്യമാണ്. ആനന്ദിബെന്നിന്‍റെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന രൂപാണി 2006 മുതല്‍ ആറു വര്‍ഷം രാജ്യസഭാംഗവുമായിരുന്നു.

അടിയന്തരാവസ്ഥക്കെതിരേ ജയപ്രകാശ് നാരായന്‍റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വക്താവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ടൂറിസം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, രാജ്കോട്ട് മേയര്‍ തുടങ്ങി പദവികള്‍ ചിലതു കൂടിയുണ്ട് ഈ ബിഎ, എല്‍എല്‍ബിക്കാരന്‍റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍.ഇപ്പോഴിതാ ഏറ്റവും വലിയ അവസരം മുന്നില്‍. ഒന്നര ദശകം മുന്‍പ് മോദി നേടിയ വിജയം ആവര്‍ത്തിക്കാന്‍ രൂപാണിക്കു കഴിഞ്ഞാല്‍ അതൊരു വലിയ ചരിത്രമാകും.

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നു മാറിയിട്ട് രണ്ടുദശകം പിന്നിട്ടിരിക്കുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഛബില്‍ദാസ് മേത്തയുടെ സര്‍ക്കാരിനെ പരാജയപ്പെടുത്തി കേശുഭായ് പട്ടേല്‍ അവിടെ അധികാരമേറ്റത് 1995ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍. 182 അംഗ സഭയില്‍ 45 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങിയപ്പോള്‍ ബിജെപി നേടിയത് 121 എംഎല്‍എമാരെ. ശങ്കര്‍ സിങ് വഗേലയുടെ വിമത നീക്കങ്ങള്‍ എട്ടു മാസത്തിനു ശേഷം താഴെയിറക്കി കേശുഭായിപട്ടേലിനെ. അന്നു സമവായ സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി സ്ഥാനത്തു വന്ന സുരേഷ് മേത്തയ്ക്കും ഏറെ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ ബിജെപി പിളര്‍ത്തി കോണ്‍ഗ്രസ് പിന്തുണയോടെ വഗേല മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിലായി കേശുഭായിയും കൂട്ടരും.

ഇതിനിടെ കോണ്‍ഗ്രസ് പിന്തുണയോടെ ദിലീപ് പാരിഖും കുറച്ചുകാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു.1998 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം തിരിച്ചുപിടിച്ചപ്പോള്‍ അതുവരെ കളിച്ച രാഷ്ട്രീയ ഗെയിമുകളില്‍ നഷ്ടം മാത്രമായി കോണ്‍ഗ്രസിന്. 117 സീറ്റുമായി അധികാരത്തില്‍ തിരിച്ചുവന്ന കേശുഭായിക്ക് 2001ലെ ഭുജ് ഭൂകമ്ബത്തിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച തിരിച്ചടിയായി. ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയും ബിജെപി ദേശീയ നേതൃത്വത്തെ ആശങ്കപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ 2001 ഒക്റ്റോബറില്‍ കേശുഭായ് രാജിവച്ചപ്പോഴാണ് പാര്‍ട്ടി ദേശീയ നേതൃത്വം നരേന്ദ്ര മോദിയെ ഗുജറാത്തിലേക്ക് അയക്കുന്നത്.2002 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ രക്ഷിക്കുക എന്നതായിരുന്നു ദൗത്യം.

പിന്നീടുള്ള ഏതാണ്ട് 13 വര്‍ഷം മോദിയുടെ ഗുജറാത്ത് ദേശീയ ശ്രദ്ധയില്‍ നിറഞ്ഞുനിന്ന കാലമാണ്. 2002ല്‍ 127 സീറ്റോടെ ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിച്ച മോദി 2007ലും 2012ലും ഭരണത്തുടര്‍ച്ച ഉറപ്പാക്കി. 2014 മേയില്‍ പ്രധാനമന്ത്രിയാവുന്നതു വരെ മുഖ്യമന്ത്രിക്കസേരയിലിരുന്ന അദ്ദേഹം ഗുജറാത്ത് ഭരിച്ചത് 4610 ദിവസം.വിശ്വസ്തയായ ആനന്ദിബെന്‍ പട്ടേലിനെ സംസ്ഥാന ഭരണം ഏല്‍പ്പിച്ചാണ് മോദി ഡല്‍ഹിയിലെത്തുന്നത്. ഗുജറാത്തിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രി എഴുപത്തഞ്ചു വയസ് എന്ന പാര്‍ട്ടി കടമ്പയില്‍ എത്തിയപ്പോള്‍ രാജിവച്ചിരിക്കുന്നു. സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ പ്രക്ഷോഭവും ദളിത് പ്രതിഷേധങ്ങളുമെല്ലാം ചേര്‍ന്ന് ആനന്ദിബെന്നിന്‍റെ ഭരണത്തിനു മങ്ങലേല്‍പ്പിച്ചിരുന്നു. അടുത്ത വര്‍ഷം ഡിസംബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഈ നിലയാണെങ്കില്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍എസ്‌എസ് സര്‍വേ തന്നെ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രിസ്ഥാനം മോഹിച്ച നിതിന്‍ പട്ടേലിനെ അവസാന നിമിഷം ഉപമുഖ്യമന്ത്രിയാക്കിയാണ് പാര്‍ട്ടി ഒപ്പം നിര്‍ത്തുന്നത്.

പട്ടേലുമാരെ കൈയിലെടുക്കാന്‍ അവരുടെ മറ്റൊരു നേതാവ് ജിതു വഗാനിയെ രൂപാണി ഒഴിഞ്ഞ സംസ്ഥാന പാര്‍ട്ടി അധ്യക്ഷസ്ഥാനത്തും നിയോഗിച്ചിരിക്കുന്നു. 2007ല്‍ മാറ്റത്തിനു വേണ്ടി വോട്ടുചെയ്യാന്‍ പട്ടേലുമാരെ ആഹ്വാനം ചെയ്ത കേശുഭായിക്ക് കോണ്‍ഗ്രസിന്‍റെ ആശീര്‍വാദവും കിട്ടി. പക്ഷേ, പട്ടേലുമാര്‍ ബിജെപിയെ കൈവിട്ടില്ല. പിന്നീട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി കേശുഭായ് പോയപ്പോഴും ബിജെപിയെ ഭദ്രമായി നിര്‍ത്താന്‍ മോദിക്കു കഴിഞ്ഞു. ഇപ്പോള്‍ കേശുഭായിയുടെ വിമതനീക്കത്തിലെത്തിയിട്ടില്ല നിതിന്‍ പട്ടേല്‍. പക്ഷേ, അവിടെവരെ എത്താതെ നോക്കേണ്ടത് രൂപാണിയുടെ ആവശ്യമാണ്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ശക്തമായി പിന്തുണച്ച സ്ഥാനാര്‍ഥിയായിരുന്നു നിതിന്‍. അവസാന നിമിഷം വരെ ഉറപ്പായിരുന്ന മുഖ്യമന്ത്രിസ്ഥാനമാണു തെറിച്ചത്.

അഞ്ചു തവണ എംഎല്‍എയും ആനന്ദിബെന്‍ ക്യാബിനറ്റില്‍ രണ്ടാമനുമായിരുന്ന നിതിൻ പട്ടേലാണ് ഹാർദ്ദിക്‌ പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം അടക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള അനുരഞ്ജന നീക്കങ്ങള്‍ നയിച്ചത്.ആനന്ദിബെന്നിന്‍റെ ഗ്രൂപ്പ് രൂപാണിയുടെ ഭരണത്തിനു സമ്മര്‍ദമുണ്ടാക്കരുത് എന്ന ചിന്തയാവാം അമിത് ഷായ്ക്ക്. അതുകൊണ്ടു തന്നെയാണ് മുന്‍ മന്ത്രിസഭയിലെ പലരെയും പുതിയ സര്‍ക്കാരില്‍ ഒഴിവാക്കിയത്. അതേസമയം, എട്ടു പട്ടേലുമാരെ മന്ത്രിസഭയില്‍ എടുത്തിട്ടുമുണ്ട് രൂപാണി. കഴിഞ്ഞ വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പോയ പട്ടേലുമാരെ തിരിച്ചുകൊണ്ടുവരാതെ അധികാരം നിലനിര്‍ത്തുക എളുപ്പമല്ല രൂപാണിക്ക്. എന്നാല്‍, ദളിതര്‍ക്കിടയില്‍ പട്ടേലുമാരോടുള്ള അമര്‍ഷവും കാണാതിരിക്കാനാവില്ല അമിത് ഷായ്ക്ക്.

പശു സംരക്ഷണത്തിന്‍റെ പേരില്‍ ദളിതര്‍ക്കെതിരേയുണ്ടായ അക്രമവും അതേത്തുടര്‍ന്ന് ആയിരക്കണക്കിനു ദളിതര്‍ തെരുവിലിറങ്ങിയതും ആനന്ദിബെന്‍ പട്ടേലിന്‍റെ ഭരണത്തിലാണ്. മറ്റൊരു പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ തയാറാവാതിരുന്നതു തന്നെ ഇതിന്‍റെ അടിസ്ഥാനത്തിലെന്നു കരുതുന്നവരുണ്ട്. ഒബിസിക്കാരെ കൈയിലെടുക്കാന്‍ എട്ടു മന്ത്രിമാരെ അവര്‍ക്കും നല്‍കിയിട്ടുണ്ട്. മോദിക്കു മുന്‍പും അദ്ദേഹം ഒഴിഞ്ഞ ശേഷവും ഗുജറാത്തിലെ ബിജെപി ഭരണം ഒരു നേതാവിനു കീഴിലും ഭദ്രമായിരുന്നിട്ടില്ല.2001ല്‍ മോദി ഏറ്റെടുത്ത വെല്ലുവിളി ഇപ്പോള്‍ രൂപാണിയുടെ മുന്നില്‍. മോദിയെപ്പോലെ കഠിനാധ്വാനിയാണു രൂപാണിയും. അതുകൊണ്ടു തന്നെ ഗുജറാത്ത് രാഷ്ട്രീയം എങ്ങനെയാവുമെന്നു കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button