KeralaNews

രണ്ടാം മാറാട് കലാപം അന്വേഷണം സി.ബി.ഐയ്ക്ക്

കൊച്ചി : രണ്ടാം മാറാട് കലാപക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറെന്ന് സി.ബി.ഐ. ഇക്കാര്യമറിയിച്ച് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച ആവശ്യം യു.പി.എ സര്‍ക്കാര്‍ തള്ളിയിരുന്നു. 2003 മേയ് രണ്ടിനായിരുന്നു ഒന്‍പതുപേരുടെ ജീവനെടുത്ത കലാപം.

പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2008 ല്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിച്ചിരുന്നു. 138 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 62 പേര്‍ക്ക് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇതിനു മുന്‍പു തന്നെ ജുഡീഷ്യല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. രണ്ടാം മാറാട് കലാപം അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ജസ്റ്റിസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷനാണ് ഇത് അന്വേഷിച്ചത്. വിപുലമായ ഗൂഢാലോചനയുണ്ടെന്നും സാമ്പത്തിക സ്രോതസും രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്നു ആവശ്യം ഉയര്‍ന്നിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, ഡി.ആര്‍.ഐ, തുടങ്ങിയവയുടെ സംയുക്ത സംഘം അന്വേഷിക്കണമെന്നായിരുന്നു അന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ദേശം. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഇപ്പോള്‍ അന്വേഷണത്തിന് തയാറാണെന്ന് സി.ബി.ഐ അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ആകാം എന്നാണ് സി.ബി.െഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ മാസം ഒന്നിനാണ് സി.ബി.ഐ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button