ന്യൂഡല്‍ഹി : എം.ഐ ഷാനവാസ് എം.പിയെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം.പിമാരുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാനവാസിന് ചൊവ്വാഴ്ച രാത്രിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മറ്റു എം.പിമാര്‍ ചേര്‍ന്ന് ഷാനവാസിനെ എയിംസില്‍ എത്തിക്കുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖം നേരത്തെ ഷാനവാസിനെ അലട്ടിയിരുന്നു. അസുഖം ഭേദമായ ശേഷമാണ് ഷാനവാസ് പാര്‍ലമെന്റ് നടപടികളില്‍ സജീവമായത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ ആശുപത്രിയില്‍ വിളിച്ച് ഷാനവാസിന്റെ അസുഖത്തെ കുറിച്ച് ആരാഞ്ഞു. മികച്ച ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറും ഷാനവാസിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ തേടി. കേരളത്തില്‍ നിന്നുള്ള എം.പിമാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വരികയാണ്. അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാഡിമിടിപ്പും താഴ്ന്നിരുന്നു. രാത്രിയോടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇന്നു രാവിലെ വീണ്ടും വഷളാവുകയായിരുന്നു. തുടര്‍ന്നാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയത്.
Post Your Comments