പേരാവൂര്‍: മലയോരത്ത് വിഷാംശമുള്ള പച്ചക്കറികളുടെ വരവ് തുടരുന്നു.നടപടി എടുക്കാതെ അധികൃതര്‍ നിസംഗതയില്‍ . കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്ക് കര്‍ണാടക, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നാണ് പച്ചക്കറി കയറ്റിയ ലോറികള്‍ അതിര്‍ത്തി കടന്നെത്തുന്നത്. അന്യസംസ്‌ഥാനങ്ങളില്‍ നിന്നും മലയോരത്തെ പച്ചക്കറികടകളിലേക്ക് ദിനംപ്രതി നൂറ് കണക്കിന് ലോഡുകളാണ് കൊണ്ടുവരുന്നത്. ഇവ പരിശോധിക്കാന്‍ വേണ്ട നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ല.
മലയോരത്ത് കര്‍ണാടകയിലെ മൈസൂര്‍,ഗൂഡല്ലൂര്‍ എന്നിവടങ്ങളില്‍ നിന്നാണ് വണ്ടികളില്‍ പച്ചക്കറി എത്തുന്നത്. ഇതിന് പുറമെ ബസുകളിലും പച്ചക്കറികള്‍ എത്തുന്നുണ്ട്. പച്ചക്കറിക്ക് അന്യസംസ്‌ഥാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന കേരളത്തില്‍ വിഷാംശം കലര്‍ന്ന പച്ചക്കറിയുടെ ഉപയോഗം കാരണം രോഗബാധിതരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലായിരുന്നു ഇവയുടെ വില്‍പ്പന തടയാനും കര്‍ശന പരിശോധന നടത്താനും കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്.
എന്നാല്‍ ഉത്തരവ് പാഴ്‌വാക്കായതോടെ അന്യസംസ്‌ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന പച്ചക്കറികളില്‍ മാരകമായ വിഷം തളിച്ചാണ് കേരളത്തില്‍ എത്തുന്നത്. എന്നാല്‍ ഇവ പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറാകാത്തത് മാരകമായ രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നു.
വിഷാംശമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പ്പന തടയുന്നതിന് പരിശോധന കര്‍ശനമാക്കുമെന്നും ഇവയിലെ വിഷസാന്നിധ്യം കണ്ടുപിടിക്കാന്‍ ഫീല്‍ഡ് പരിശോധന ഏര്‍പ്പെടുത്തുമെന്നും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം.
വയനാട് വഴിയും കൂട്ടുപുഴ വഴിയുമെത്തുന്ന പച്ചക്കറി ലോഡുകള്‍ അതിര്‍ത്തി കടന്നെത്തുന്നത് വിഷാംശ പരിശോധനയില്ലാതെയാണ്.
Post Your Comments