കൊച്ചി: കെ.എം. മാണിയെ കൂടെക്കൂട്ടുന്നകാര്യത്തില് കേന്ദ്ര ഇടപെടല്‍ ഉണ്ടാവുന്നതുവരെ ബി.ജെ.പി. സംസ്ഥാനനേതൃത്വം എടുത്തുചാടില്ല. എന്നാല്‍, എല്ലാ വാതിലുകളും മാണിക്കായി തുറന്നിടാനാണ് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. നേതൃസമ്മേളനത്തില്‍ തീരുമാനം. ബി.ഡി.ജെ.എസ്സുമായി നടന്നതുപോലെ ഡല്‍ഹിവഴി ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നാണ് സംസ്ഥാനനേതൃത്വം കണക്കുകൂട്ടുന്നത്. മാണി നേരിട്ട് തയ്യാറായിവന്നാല്‍ ഇവിടെത്തന്നെ കാര്യങ്ങള്‍ നടക്കും. എന്നാല്‍, മാണിയോട് അങ്ങോട്ടുപോയി ചര്‍ച്ചനടത്താന്‍ മാത്രം കാര്യങ്ങളെത്തിയിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനുള്ള പ്രധാനവിലക്ക് മുമ്പ് മാണിക്കെതിരെ നടത്തിയ അഴിമതിവിരുദ്ധസമരങ്ങളാണ്. ദേശീയനേതൃത്വം ഇടപെട്ടാല്‍, വിശാലമായ താത്പര്യം പറഞ്ഞ് മാണിക്കെതിരെ നടത്തിയ സമരങ്ങള്‍ക്ക് മറയിടാനുമാവും. കേന്ദ്രമന്ത്രിസ്ഥാനമടക്കം മാണിയുടെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള തീരുമാനമെടുക്കാന്‍ ദേശീയനേതൃത്വത്തിനേ കഴിയൂ. സപ്തംബറില്‍ പാര്‍ട്ടി ദേശീയസമ്മേളനം കേരളത്തില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയത്തില്‍ കേന്ദ്രം പ്രത്യേക താത്പര്യമെടുത്തേക്കുമെന്നും സംസ്ഥാനനേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
Post Your Comments