സൂറത്ത് ● കാമുകന്‍ നഗ്നവീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി പുഴയില്‍ച്ചാടി ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തില്‍ ഗോദാദര സ്വദേശിനിയായ ദീപിക ഖത്രിയാണ് മരിച്ചത്. കാമുകന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ മനംനൊന്ത് ബുധനാഴ്ച താപി നദിയില്‍ ചാടിയ ദീപികയുടെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്.
ദീപികയുടെ പിതാവിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി 20 കാരനായ മോയിന്‍ ഹുസൈന്‍ഖാന്‍ പത്താന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡി.ആര്‍.ബി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ് മോയിന്‍. ഇതേ കോളേജില്‍ മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായിരുന്നു മരിച്ച ദീപിക.
ബുധനാഴ്ച ഓട്ടോറിക്ഷയില്‍ ഓ.എന്‍.ജി.സി മഗ്ദല്ല പാലത്തിന് മുകളില്‍ എത്തിയ ദീപിക പുഴയിലേക്ക് ചാടുന്നതിന് മുന്‍പ് ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് പിതാവിനെ വിളിച്ച് ജീവനൊടുക്കാന്‍ പോകുന്ന വിവരം പറഞ്ഞിരുന്നു. പിതാവ് അറിയിച്ചതനുസരിച്ച് അഗ്നിശമനസേനയെത്തി തെരച്ചില്‍ നടത്തിയെങ്കിലും ദീപികയെ കണ്ടെത്താനായില്ല. പിന്നീട് മത്സ്യങ്ങള്‍ കൊത്തിപ്പറിച്ച നിലയില്‍ മുഗലിസാര പ്രദേശത്ത് നിന്ന് വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയിലേക്ക് ചാടുന്നതിന് മുന്‍പ് ഒരു ആത്മഹത്യക്കുറിപ്പ് പെണ്‍കുട്ടി ഓട്ടോറിഷ ഡ്രൈവറുടെ കൈവശം ഏല്‍പ്പിച്ചിരുന്നു. ഒരു വാട്ടര്‍പാര്‍ക്കിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മോയിന്‍ ഹുസൈന്‍ തന്റെ നഗ്നവീഡിയോയും ഫോട്ടോകളും ചിത്രീകരിച്ചിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ മോയിന്‍ തന്റെ സുഹൃത്തുക്കളുമായി പങ്കുവച്ചെന്നും ആത്മഹത്യക്കുറിപ്പില്‍ ദീപിക പറയുന്നു.
അതേസമയം, സംഭവം ലൗ ജിഹാദ് ആണെന്ന ആരോപണവുമായി ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments