India

മുന്‍ ഭര്‍ത്താവിനെ യുവതി തട്ടിക്കൊണ്ടു പോയി ; കാരണം അമ്പരപ്പിക്കുന്നത്

ചെന്നൈ : മുന്‍ ഭര്‍ത്താവിനെ യുവതി തട്ടിക്കൊണ്ടു പോയി. വീണ്ടും വിവാഹം ചെയ്യാനാണ് വിവാഹമോചനം നേടിയ യുവതി ഭിന്നശേഷിക്കാരനായ മുന്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയത്. നീലഗിരിയില്‍ വ്യവസായിയായ ഇ.ജെ രാജന്‍-ലിസി രാജന്‍ ദമ്പതികളുടെ മകനായ മനോജ് മൂകനും ബധിരനുമാണ്. മാനസികമായും പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ലാത്ത വ്യക്തിയാണ് മനോജ്.

വന്‍ സ്വത്തുക്കള്‍ മനോജിന്റെ പേരിലായതോടെ ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യയായ പ്രിയദര്‍ശിനി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ കോടതി ഇവരുടെ ആവശ്യം തള്ളി. ഇതേ തുടര്‍ന്ന് പ്രിയദര്‍ശിനിയുടെയും അഭിഭാഷകരുടെയും നേതൃത്വത്തില്‍ കെയര്‍ ഹോമില്‍ നിന്ന് മനോജിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മനോജിനെ തട്ടിക്കൊണ്ടു പോയ സംഘം ഇയാളുമായി പ്രിയദര്‍ശിനിയുടെ വിവാഹം വീണ്ടും നടത്തി. ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് രണ്ടാം വിവാഹം നടത്തിയത്.

2008ലാണ് പ്രിയദര്‍ശിനി എന്ന യുവതിയുമായി മനോജിന്റെ വിവാഹം നടത്തിയത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം പ്രിയദര്‍ശിനി വിവാഹമോചനം നേടിപ്പോയി. താന്‍ ഭാര്യയാണെന്ന് മനസിലാക്കാനുള്ള മാനസിക വളര്‍ച്ച പോലും മനോജിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയദര്‍ശിനി വിവാഹമോചനം നേടിയത്.
എന്നാല്‍ 2013 ല്‍ പിതാവ് മരിച്ചതോടെ മനോജിന്റെ ദുര്‍ഗതി ആരംഭിച്ചു. മനോജിന്റെ മാതാവ് ലിസി 2003ല്‍ തന്നെ മരിച്ചിരുന്നു. ഇ.ജെ രാജന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാരിച്ച സ്വത്തുക്കള്‍ മനോജിന്റെ പേരിലായി. മാനസിക വളര്‍ച്ച എത്താത്തതിനാല്‍ രാജന്റെ വിശ്വസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആനന്ദന്‍, അടുത്ത ബന്ധു റുഡോള്‍ഫ് സ്റ്റാനി എന്നിവര്‍ മൂഖേനയാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. ഇക്കാലയളവില്‍ മനോജിനെ ഗൂഡല്ലൂരിലെ ഒരു ആശ്രയലത്തിലാക്കി.

മെയ് ആറിന് ആയിരുന്നു മനോജിന്റെ രണ്ടാം വിവാഹം. ഇതേദിവസം തന്നെ ചെന്നൈയ്ക്ക് സമീപം തന്റെ പേരിലുള്ള ഒരു വസ്തു 1.6 കോടി രൂപയ്ക്ക് മനോജ് വിറ്റതായും ഭാര്യയും അഭിഭാഷക സംഘവും രേഖ ചമച്ചിട്ടുണ്ട്. വസ്തു വിറ്റതായി രേഖയുണ്ടാക്കിയതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇടപെട്ടിരിക്കുകയാണ്. പിതാവിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ പരാതിയുടെ ചെന്നൈ ഹൈക്കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ മനോജിനെ വീണ്ടും കെയര്‍ ഹോമില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button