KeralaNews

പൊതുജനങ്ങളോട് ‘കരുണ’ കാണിച്ച് കാരുണ്യ: ഫാര്‍മസിയിലെ മരുന്നുകള്‍ക്ക് വന്‍ വില കുറവ് !!!

തിരുവനന്തപുരം : കാരുണ്യ ഫാര്‍മസി വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നു. കൂടുതല്‍ മരുന്ന് സംഭരിക്കുമ്പോള്‍ ലഭിക്കുന്ന വിലക്കിഴിവ് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണു വിലക്കുറവ്. കമ്പനികള്‍ നല്‍കുന്ന സൗജന്യങ്ങളും മറ്റ് ആനുകൂല്യങ്ങളും മരുന്നുവിലയില്‍ പ്രതിഫലിപ്പിക്കുകയാണു ലക്ഷ്യം.

ഒമ്പതിനായിരത്തോളം ബ്രാന്‍ഡുകളിലെ പകുതിയിലും ഈ വിലക്കുറവ് പ്രകടമാവും. നിലവില്‍, മൂന്നു മുതല്‍ ആറു ശതമാനം വ്യത്യാസത്തിലാണ് കാരുണ്യ ഫാര്‍മസി വഴി മരുന്ന് വില്‍ക്കുന്നത്. ഈ ലാഭമാണു കാരുണ്യപദ്ധതിയുടെ പ്രവര്‍ത്തന ഫണ്ട്. എന്നാല്‍, മരുന്നുകള്‍ വന്‍തോതില്‍ സംഭരിക്കുമ്പോള്‍ കമ്പനികള്‍ നല്‍കാറുള്ള സൗജന്യം ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇത് ഉടനടി പരിഹരിക്കുമെന്നു കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സണ്‍ ഫാര്‍മയുടെ ലൂപ്രൈഡ് ഇന്‍ജക്ഷന്റെ വില 3218 ല്‍ നിന്ന് 1841 രൂപയായി കുറച്ചിട്ടുണ്ട്. ഭാരത് സെറംസ് ഉല്‍പാദിപ്പിക്കുന്ന ലൂപ്രോഡെക്‌സ് ഇന്‍ജക്ഷന്റെ വില 1949ല്‍ നിന്ന് 1665 ആയും കുറച്ചു.

സമാനമായ രീതിയില്‍ ഒമ്പതിനായിരത്തോളം ബ്രാന്‍ഡുകളിലും വിലക്കിഴിവ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കെ.എം.എസ്.സി.എല്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കേണ്ട കെ.എം.എസ്.സി.എല്‍ വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്കാണ് മരുന്ന് നല്‍കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ഈ രീതിയില്‍ വില കൂട്ടുന്നുണ്ടെന്നാണ് പരാതി. എന്നാല്‍, ചില ബാച്ചുകള്‍ മാത്രമാണു കമ്പനികള്‍ വിലക്കുറവില്‍ നല്‍കുന്നതെന്നും സ്റ്റോക്കിസ്റ്റിനു നിശ്ചയിച്ചിരിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്നും കെ.എം.എസ്.സി.എല്‍ അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button