Latest NewsIndiaNews

 സിക്കിള്‍ സെല്‍ അനീമിയയ്ക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മരുന്ന് നിര്‍മ്മിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സിക്കിള്‍സെല്‍ അനീമിയയ്ക്കുള്ള (അരിവാള്‍ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിര്‍മ്മിച്ച് ഇന്ത്യ. സിക്കിള്‍സെല്‍ അനീമിയയെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അകംസ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് വില കുറച്ച മരുന്ന് ഇന്ത്യന്‍ വിപണികളില്‍ എത്തിക്കുന്നത്.

Read Also: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്ന കേസ്: മുഖ്യപ്രതി അറസ്റ്റിൽ

സിക്കിള്‍സെല്‍ അനീമിയ ബാധിതര്‍ക്കുള്ള മരുന്നുകള്‍ക്ക് ആഗോള തലത്തില്‍ 77,000 രൂപ വരെ വിലയുള്ള സമയത്താണ് 100 മില്ലി ഹൈഡ്രോക്‌സീയൂറിയ 600 രൂപ നിരക്കില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നത്.

ഇന്ത്യക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന സിക്കിള്‍സെല്‍ അനീമിയ പാരമ്പര്യമായി ഉണ്ടാകുന്ന രക്ത സംബന്ധമായ രോഗമാണ്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ അരിവാളിന്റെ ആകൃതിയിലാകുകയും ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ വഹിക്കാന്‍ ഇവയ്ക്ക് കഴിയാതെ വരികയും ചെയ്യുന്നു. സമീപ വര്‍ഷങ്ങളില്‍ സിക്കിള്‍സെല്‍ അനീമിയ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ചില തരം രക്താര്‍ബുദങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കീമോതറാപ്പിയ്ക്കുള്ള പ്രധാന മരുന്നാണ് ഹൈഡ്രോക്‌സീയൂറിയ, എങ്കിലും സിക്കിള്‍സെല്‍ അനീമിയ ബാധിതരിലും ഇത് ഫലപ്രദമാണ്.

ചുവന്ന രക്താണുക്കളെ വൃത്താകൃതിയില്‍ നില നിര്‍ത്തുക വഴി അവയെ ഓക്‌സിജന്‍ വഹിക്കാന്‍ പ്രാപ്തമാക്കാന്‍ ഹൈഡ്രോക്‌സീയൂറിയയ്ക്ക് സാധിക്കുന്നു. ഇത് ശരീരത്തില്‍ വേദന കുറയ്ക്കുകയും രോഗികള്‍ക്ക് ഇടയ്ക്കിടെ ആശുപത്രി സന്ദര്‍ശിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നു. അകംസ് നിര്‍മ്മിച്ച മരുന്നിന്റെ മറ്റൊരു സവിശേഷത ഇത് സാധാരണ താപനിലയില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നതാണ്. ആഗോള തലത്തില്‍ വില്‍ക്കുന്ന മറ്റ് ചില മരുന്നുകള്‍ 2 മുതല്‍ 8 ഡിഗ്രി വരെ താപനിലയില്‍ മാത്രമേ സൂക്ഷിക്കാന്‍ സാധിക്കൂ.

കഴിഞ്ഞ രണ്ട് വര്‍ഷമായി വില കുറഞ്ഞതും ഫലപ്രദവുമായ മരുന്ന് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു കമ്പനിയുടെ ഗവേഷക സംഘമെന്നും അധികൃതര്‍ വ്യക്തമാക്കി. 2023ല്‍ പ്രധാനമന്ത്രി ആരംഭിച്ച സിക്കിള്‍സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി അകംസ് വികസിപ്പിച്ച മരുന്നിനെ അഭിനന്ദക്കുന്നുവെന്നും, ഗോത്ര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നമ്മുടെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഇത് ഏറെ ഗുണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button