അശ്ലീലദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിനെത്തുടര്‍ന്നു കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു. സഹപാഠിയായ വിദ്യാര്‍ഥി അറസ്റ്റില്‍. സൂറത്ത് ഡിആര്‍ബി കോളജിലെ ബികോം വിദ്യാര്‍ഥിനി ദീപിക (20) യാണ് ആത്മഹത്യ ചെയ്തത്. ദീപികയുടെ കോളജിലെ വിദ്യാര്‍ഥിയായ ഹുസൈന്‍ ഖാന്‍ പഠാനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണു ബുധനാഴ്ച പുഴയില്‍ ചാടിയ ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ പുഴയുടെ സമീപമെത്തിയ ദീപിക താന്‍ മരിക്കാന്‍ പോവുകയാണെന്നു ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു. മഗ്ദള്ള പാലത്തില്‍നിന്നു താഴേക്കു ചാടിയ ദീപികയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണു ഹുസൈന്‍ ഖാന്‍. മൂന്നാം വര്‍ഷമായിരുന്നു ദീപിക പഠിച്ചിരുന്നത്.
ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ഹുസൈന്‍ഖാന്‍ പെണ്‍കുട്ടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ ഇതു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സുഹൃത്തിന്റെ ഫോണില്‍ ഈ ദൃശ്യങ്ങള്‍ കണ്ട പെണ്‍കുട്ടി തപി നദിയില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒരു ലോഡ്ജില്‍ വച്ചു പകര്‍ത്തിയതാണെന്നും അവ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കാട്ടിയുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്നു പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ വിവാഹം കഴിച്ചു എന്നു വിശ്വസിപ്പിച്ചാണ് സൂറത്തിലെ ഒരു ലോഡ്ജില്‍ തന്നെ കൊണ്ടുപോയതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
Post Your Comments