തിരുവനന്തപുരം: ‘വയലില്‍ പണി തന്നാല്‍ വരമ്പത്ത് കൂലി’ എന്ന സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരെ കേസ് എടുക്കില്ല. കോടിയേരിയുടെ പ്രസംഗം സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്ന് പരിശോധനയില്‍ കണ്ടെത്താനായില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപ്പോര്‍ട്ട്. നിയമോപദേശവും സമാനമായ സുപ്രീം കോടതിവിധികളും ഡിജിപി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പയ്യന്നൂരില്‍ സി.പി.എം. സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ വിവാദപ്രസംഗം. ആക്രമിക്കുന്നവരോട് കണക്ക് തീര്‍ക്കണം എന്നായിരുന്നു ആഹ്വാനം. ആക്രമിക്കാൻ വരുന്നവരെ വെറുതെ വിടരുതെന്നും കണക്ക് തീർക്കണമെന്നും കോടിയേരി പറയുകയുണ്ടായി. വയലില്‍ പണി തന്നാല്‍ വരമ്പത്തുതന്നെ കൂലി കൊടുക്കണം. സി.പി.എമ്മിനോട് കളിക്കരുത്. കളിക്കാന്‍ വന്നാല്‍ വന്നതുപോലെ തിരിച്ചുപോകില്ല. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതീ-യുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
Post Your Comments