
വാഷിംഗ്ടണ്‍ : ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും സംഘര്‍ഷത്തിലും ആശങ്ക രേഖപ്പെടുത്തി യു.എസ്. ഇന്ത്യന്‍ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും തെറ്റു ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ യു.എസ്, കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പശുവിറച്ചി കടത്തിയെന്നാരോപിച്ചു രണ്ടു മുസ്ലിം സ്ത്രീകളെ മധ്യപ്രദേശില്‍ മര്‍ദിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് വക്താവ് ജോണ്‍ കിര്‍ബി ഇക്കാര്യം പറഞ്ഞത്. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാനും അസഹിഷ്ണുത വേരോടെ പിഴുതെറിയാനും ഇന്ത്യന്‍ സര്‍ക്കാരും അവിടുത്തെ ജനങ്ങളും നടത്തുന്ന എല്ലാ ശ്രമങ്ങളോടും യു.എസ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ജോണ്‍ കിര്‍ബി അറിയിച്ചു.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും അസഹിഷ്ണുതയിലും യു.എസിന് കടുത്ത ആശങ്കയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ രാജ്യങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാണ്; സ്വന്തം പൗരന്മാരെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക, കുറ്റക്കാരെ നിമയത്തിനുമുന്നില്‍ കൊണ്ടുവരിക കിര്‍ബി പറഞ്ഞു. ഇന്ത്യയില്‍നിന്ന് അസഹിഷ്ണുത പിഴുതെറിയാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ യു.എസ് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments