കൊച്ചി : വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വ്യാജ ഫെയ്‌സ് ബുക്ക് വഴി പ്രചരിപ്പിച്ച ഗായകനെതിരെ കേസ്. പിറവം മണീട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി എച്ച്എംടി ജംക്ഷനു സമീപം താമസിക്കുന്ന റോക്ക് ഗായകന്‍ നവീന്‍ ജെ.അന്ത്രപ്പേറിനെതിരെയാണു കേസ്.
മണീട് സ്വദേശിനിയുടെ അമേരിക്കയിലുള്ള സഹോദരിയെ പുനര്‍വിവാഹം ചെയ്തതു നവീനാണ്. നവീനെ മുന്‍പരിചയമുള്ളതിനാലും സ്വഭാവം ശരിയല്ലാത്തതിനാലും വിവാഹത്തെ താന്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ എതിര്‍പ്പ് മറികടന്ന് വിവാഹം നടത്തുകയായിരുന്നെന്നും മണീട് സ്വദേശിനിയുടെ പരാതിയില്‍ പറയുന്നു. താനുമായുള്ള മുന്‍പരിചയം മറച്ചുവെച്ച് ഫെയ്‌സ്ബുക്ക് വഴി സഹോദരിയുമായി കോണ്‍ടാക്ട് ചെയ്ത നവീന്റെ ലക്ഷ്യം സഹോദരിയെ വിവാഹം ചെയ്ത് അമേരിക്കയില്‍ താമസമാക്കാമെന്നായിരുന്നു. വിവാഹം ചെയ്ത് ഏതാനും ദിവസത്തിനകം സഹോദരിക്കു കാര്യങ്ങള്‍ ബോധ്യപ്പെടുകയും പത്താംദിവസം അമേരിക്കയിലേക്കു തനിച്ചു മടങ്ങുകയും ചെയ്തു. സഹോദരിയുടെ മനസു മാറ്റിയതു താനാണെന്നു കരുതിയുള്ള വൈരാഗ്യത്തില്‍, റാണി പിറവം എന്ന പേരില്‍ രൂപീകരിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി തന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല പോസ്റ്റുകളിലൂടെ അപമാനിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പിറവം പൊലീസ് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തയാറാക്കിയ കംപ്യൂട്ടര്‍ കണ്ടെത്തിയത്. അപവാദ പ്രചാരണത്തിനു വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തയാറാക്കിയ കംപ്യൂട്ടര്‍ എച്ച്എംടി ജംക്ഷനിലെ സ്ഥാപനത്തിലേതാണെന്നു കണ്ടെത്തി. സ്ഥാപനമുടമയെ ചോദ്യം ചെയ്തപ്പോള്‍, നവീന്‍ സ്ഥിരമായി ഇവിടെയെത്തുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തയായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെത്തി വിശദ പരിശോധന നടത്തിയ ശേഷം കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മോഡവും പിടിച്ചെടുക്കുമെന്നു പിറവം സിഐ ശിവന്‍കുട്ടി പറഞ്ഞു. ഐടി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. കൃത്യമായ തെളിവ് ലഭിച്ച ശേഷം മറ്റു നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments