പത്തനാപുരം: മക്കൾ ഇറക്കിവിട്ട മുൻ എം.എൽ .എ അനാഥാലയത്തിൽ. വാഴൂർ മുൻ എം.എൽ.എ അഡ്വ. കടയണിക്കാട് പുരുഷോത്തമൻ പിള്ളയ്ക്കാണ് മക്കൾ ഉന്നതനിലയിൽ കഴിയുമ്പോഴും ഈ വിധി. ഒരുകാലത്ത് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയനായിരുന്ന ഈ സി.പി.ഐ നേതാവ് മക്കൾ ഉപേക്ഷിച്ച നിലയിൽ കറങ്ങി നടക്കുന്നത് കണ്ടവരാണ് ഇദ്ദേഹത്തെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്. രണ്ട് ആൺമക്കളും ഒരു മകളുമാണ് പുരുഷോത്തമൻ പിള്ളയ്ക്ക്.
തുടരെയുണ്ടാകുന്ന അസുഖങ്ങളെ തുടർന്ന് ഇദ്ദേഹം ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ ഗാന്ധിഭവൻ പ്രവർത്തകർ ഇക്കാര്യം മക്കളെ വിളിച്ചറിയിക്കുകയും പത്രത്തിൽ പരസ്യം കൊടുക്കുകയും ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. മക്കളെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ച വിവരം അറിയിച്ച സിസ്റ്ററോട് മകൻ മോശമായി സംസാരിച്ചതായി ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുഴുവൻ പുനലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മകളും ഭർത്താവും ഒരുതവണ വന്നു കണ്ടിരുന്നു. എന്നാൽ തന്നോടൊപ്പം അച്ഛനെ താമസിപ്പിച്ചാൽ പ്രശ്നമുണ്ടാക്കുമെന്നാണ് സഹോദരന്മാരുടെ ഭീഷണിയെന്ന് ഇവർ പറയുന്നു. ഇതിനിടെ, പൊതുതാത്പര്യാർത്ഥം ഫയൽ ചെയ്ത പരാതിയിൽ കടയണിക്കാട് പുരുഷോത്തമൻ പിള്ളയുടെ സ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments