ന്യൂഡല്‍ഹി ● പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ ഡ്രോണ്‍ (ആളില്ലാവിമാനം) ആക്രമണം നടത്തിയേക്കാന്‍ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകൾ സംയുക്‌തമായി ആക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ആക്രമണം നടക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രധാനമന്ത്രിയുടെ ഉന്നതതല സുരക്ഷാ വിഭാഗത്തിന്റെ മീറ്റിങ്ങിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തപ്പെട്ടത്. ഐ.എസ്.ഐയുടെ പിന്തുണയോടെയായിരിക്കും ആക്രമണമെന്നാണ് ഇന്റലിജൻസ് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിൽനിന്നു പാക്കിസ്‌ഥാനിലേക്കു പോയ ഫോൺ വിളികള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ആക്രമണ സൂചനകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.
സൈനിക വാഹനവ്യൂഹങ്ങളെയും സൈനിക ക്യാംപുകളേയും സുരക്ഷാ ഉദ്യോഗസ്‌ഥരെയും ഭീകരർ ലക്ഷ്യം വയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്ന സ്ഥലം ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് മറയ്ക്കാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന പ്രത്യേക സുരക്ഷാ സംഘം (എസ്.പി.ജി) തീരുമാനിച്ചിട്ടുണ്ട്.
ചെങ്കോട്ടയിലെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ നിരീക്ഷണ ടവറുകളില്‍ ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.
Post Your Comments