ജീവിതത്തില്‍ ഇനി ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ആട് ആന്റണി. വിധിക്കുശേഷം സംസാരിച്ച പൊലീസുകാരോടും അഭിഭാഷകരോടുമാണ് ആന്റണി മനസ്സു തുറന്നത്. ആന്റണി ജയില്‍ ചാടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. ഒരു മോഷണക്കേസില്‍ കോടതിയില്‍ കൊണ്ടുപോകവേ ആന്റണിയെ പൊന്‍കുന്നം സബ്ജയിലില്‍ പാര്‍പ്പിച്ചിരുന്നു. അവിടെ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നവരോടാണു ജയില്‍ ചാടുമെന്ന് ആന്റണി പറഞ്ഞത്.
കൊലക്കേസില്‍ വിചാരണയ്ക്കു വേണ്ടി കൊല്ലത്തു കൊണ്ടുവന്നപ്പോള്‍ ആന്റണി ജില്ലാ ജയിലിലായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞവര്‍ക്കൊപ്പം താമസിച്ച ആന്റണി, തന്റെ അടുത്ത പദ്ധതി ജയില്‍ ചാട്ടമാണെന്നു പറഞ്ഞിരുന്നു. അതേസമയം ജയില്‍ ചാടുമോയെന്നു ചോദിച്ചപ്പോള്‍ ആന്റണി ചിരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തനിക്കൊപ്പം കഴിയുന്നത് ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയാണ്. അയാള്‍ സംസാരിക്കാറില്ല.
ജയില്‍ ചാടണമെങ്കില്‍ ആരോടെങ്കിലും സംസാരിക്കേണ്ടേ? ഇന്നലെ രാവിലെ സെല്ലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണിയോട് ഇന്നാണു വിധിയെന്നു താന്‍ പറഞ്ഞു. ‘ചെന്നു വാങ്ങിക്കൊണ്ടുവാ’ എന്നാണ് അയാള്‍ പ്രതികരിച്ചത്. അറസ്റ്റിലായ ശേഷം തന്നെ കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ വന്നിട്ടില്ലെന്നും ആന്റണി പറഞ്ഞു. പൊലീസുകാരനെ കൊലപ്പെടുത്തിയ കേസായതിനാല്‍ പരോള്‍ പോലും ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നും ആന്റണി പറഞ്ഞു.
Post Your Comments