NewsIndia

പിടിയിലായവര്‍ക്ക് ഐ.എസ്സുമായുള്ള സ്വാധീനം ആരെയും ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: മുംബൈയില്‍ നിന്ന് അറസ്റ്റിലായ മതപണ്ഡിതൻ ആർഷി ഖുറേഷി, റിസ്വാൻ ഖാൻ എന്നിവരാണ് കേരളത്തില്‍ നിന്ന്‍ ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 മലയാളികളെയും ഐസിസ് സ്വാധീനമേഖലകളിലെത്തിച്ചതെന്ന്‍ പോലീസ് സ്ഥിരീകരിച്ചതായി സൂചന. ഇവർക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ രേഖകളും പൊലീസിന് ലഭിച്ചു.

മുബൈ കല്യാൺ സ്വദേശിയായ റിസ്വാൻ ഖാന്റെ ബന്ധുവും അയൽവാസിയും ഐഎസില്‍ ചേർന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. എൻജിനിയറിംഗ് ബിരുദധാരിയായ അയൽക്കാരൻ ആരിഫ് മാജിദിനെയും ബന്ധു അമനെയും ഇറാക്കിലെ കർബലയിലേക്ക് തീർത്ഥാടനത്തിനെന്ന വ്യാജേന കൊണ്ടുപോയി ഐഎസ്ലെത്തിച്ചു. താന്‍ ഐഎസ് മേഖലയിലാണെന്ന് അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അമനെ ഐഎസ് ഭീകരര്‍ പിടികൂടി കൊന്നു. ഐഎസ്നെ വെട്ടിച്ച് തുർക്കി വഴി രക്ഷപ്പെട്ട ആരിഫിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. അമന്റെയും ആരിഫിന്റെയും വീടുകളും പൊലീസ് കണ്ടെത്തി. ഇവരുടെ സഹപാഠികളായ ഫഹദ് ഷേഖ്, സഹീം ടാങ്ക്വി എന്നിവരും ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ടുണ്ട്.

മുംബയിൽ നിന്ന്‍ വിദ്യാഭ്യാസം നേടിയ പാലക്കാട് യാക്കര സ്വദേശി യഹ്യയ്ക്ക് (ബാസ്റ്റിൻ-23) റിസ്വാനും ഖുറേഷിയുമായി നേരിട്ട് ബന്ധമുണ്ട്. ഭാര്യയായ മെറിൻ, സഹോദരൻ ഈസ, ഈസയുടെ ഭാര്യ നിമിഷ എന്നിവരെ മതംമാറ്റിയതും കടത്തിയതും യഹ്യയാണ്. ഒമാനിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞുപോയ യഹ്യയുടെ സുഹൃത്ത് കഞ്ചിക്കോട് സ്വദേശി ഷിബിയെപ്പറ്റിയും വിവരങ്ങളൊന്നുമില്ല.

മെഡിക്കൽ, എൻജിനീയറിംഗ്, ബിസിനസ് മാനേജ്മെന്‍റ് വിദ്യാഭ്യാസം നേടിയവരെയാണ് ഇവർ ആകർഷിച്ചിരുന്നത്. മുംബയിലെ കല്യാണിൽ നിന്ന് കടത്തിയ നാലുപേരും എൻജിനിയറിംഗ് അവസാനവർഷ വിദ്യാർത്ഥികളായിരുന്നു.

ഛത്തിസ്ഗഡിൽ നിന്ന് ഇരുപതിലേറെപ്പേരെ റിസ്വാനും ഖുറേഷിയും വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പോലീസ് പിടികൂടിയതോടെ അനുയായികളായ ആറുപേരെ മുംബയിൽ നിന്ന് കാണാതായി. ശ്രീലങ്കയിലെ മതപഠനകേന്ദ്രത്തിലേക്ക് പോകുന്നുവെന്ന വ്യാജേനയാണ് എല്ലാവരെയും കടത്തിയത്. വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്‍റെ പബ്ലിക് റിലേഷൻസ് മാനേജരായിരുന്ന ഖുറേഷിയാണ് മതംമാറ്റത്തിന് ചുക്കാൻ പിടിച്ചിരുന്നത്. എന്നാൽ സാക്കിർ നായിക്കിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി. കാണാതായ മലയാളികളെ അഫ്ഗാനിൽ താമസിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിനുള്ള വിവരം.

കാണാതായ സംഘത്തിലുള്ള ആറ്റുകാൽ സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവിൽ നിന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഇന്നലെ മൊഴിയെടുത്തു. നിമിഷയെ കണ്ടെത്താൻ പ്രത്യേകസംഘം രൂപീകരിച്ചതായി കമ്മിഷണർ ജി. എസ് പർജൻകുമാർ പറഞ്ഞു. നിമിഷയെ മതംമാറ്റുകയും ഈസയുമായുള്ള വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്ത ആറ്റിങ്ങലിലെ ഡോക്ടറെക്കുറിച്ചും അന്വേഷിക്കുന്നതായി കമ്മിഷണർ പറഞ്ഞു.

ഇതിനിടെ, ഗ്രാമപ്രദേശമെന്ന് തോന്നുന്ന സ്ഥലത്താണ് തന്നെ താമസിപ്പിക്കുന്നതെന്ന് നിമിഷ അമ്മയ്ക്കയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിലുണ്ട്. ഇന്‍റര്‍നെറ്റുപയോഗിക്കാൻ കാർഡ് നൽകുന്നില്ല. അടുത്തുള്ള ആരുടെയോ ഫ്രീ-വൈഫൈ ഉപയോഗിച്ചാണ് സന്ദേശമയയ്ക്കുന്നതെന്നും എവിടെയാണുള്ളതെന്ന് അറിയില്ലെന്നും നിമിഷയുടെ മറുപടി പറഞ്ഞതായാണ് ലഭ്യമായ വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button