കൊച്ചി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ (ഐ.ആര്‍.എഫ്) അദ്ധ്യാപകരായിരുന്ന റിസ്വാന്‍ ഖാന്‍, ആര്‍ഷി ഖുറേഷി എന്നിവരെ വിശദമായി ചോദ്യം ചെയ്തതിലൂടെ 21-മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാനായി നാടുവിട്ട സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
മലയാളികള്‍ ഉള്‍പ്പെടെ 400-ഓളം ആളുകളെ താന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് റിസ്വാന്‍ ഖാന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഐ.ആര്‍.എഫിന്‍റെ റിലേഷന്‍ഷിപ്പ് മാനേജര്‍ ആയി ജോലിനോക്കിയിരുന്നു എന്ന്‍ അവകാശപ്പെട്ട ആര്‍ഷി ഖുറേഷി പക്ഷേ, താന്‍ ആരേയും നിര്‍ബന്ധിത മാര്‍ഗ്ഗത്തിലൂടെ മതം മാറ്റിയിട്ടില്ല എന്നും പറഞ്ഞു.
ഐ.ആര്‍.എഫിന്‍റെ പക്കല്‍ നിന്നും തങ്ങള്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചതിലൂടെ അവര്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇന്ത്യയില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു എന്ന്‍ മനസിലായതായി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഇങ്ങനെ ഐ.ആര്‍.എഫ് വഴി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഒരാളാണ് കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഷീദിനെ സമീപിച്ചതും, തുടര്‍ന്ന്‍ ഇപ്പോള്‍ മലയാളികള്‍ നാടുവിട്ടതില്‍ വരെ എത്തിനില്‍ക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതും.
കേരള സക്കീര്‍ നായിക്ക് എന്നറിയപ്പെടുന്ന സലാഫിസ്റ്റ് മതപ്രഭാഷകനായ എം.എം. അക്ബറിന്‍റെ നേതൃത്വത്തിലുള്ള സംഘടനയായ “നിക്ക് ഓഫ് ട്രൂത്ത്”-ന്‍റെ കൊച്ചി ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് അബ്ദുള്‍ റഷീദ് പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി. ഇപ്പോള്‍ കാണാതായിരിക്കുന്ന മറിയം എന്ന മെറിന്‍ ജേക്കബും, ഭര്‍ത്താവ് യഹ്യ എന്ന ബെസ്റ്റിനും റഷീദിന്‍റെ പരിചയക്കാരും നിക്ക് ഓഫ് ട്രൂത്ത് ഓഫീസിലെ നിത്യസന്ദര്‍ശകരും ആയിരുന്നു.
ജുമാ മസ്ജിദ് ഓഫ് ബോംബെ ട്രസ്റ്റിന്‍റെ സഹായത്തോടെ മെറിന്‍റെ മതപരിവര്‍ത്തനം സംബന്ധിച്ച രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും പോലീസ് പറഞ്ഞു.
അറസ്റ്റിലായവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ മുതലായവ പിടിച്ചെടുത്തത് ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കയക്കുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Post Your Comments