NewsInternational

വിദേശ രാജ്യങ്ങളില്‍ ഭീകരാക്രമണം തുടരുന്നു : മ്യൂണിക്കില്‍ വെടിവെയ്പ്പില്‍ 10 മരണം

ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്റ്റേഡിയത്തിനു സമീപമുള്ള ഒളിംപ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ മരിച്ചതായി സംശയം. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വൈകിട്ട് 5.50ഓടെ ഒളിംപ്യ വ്യാപാരസമുച്ചയത്തില്‍ നിന്ന് വെടിയൊച്ച കേട്ടതായുള്ള ഫോണ്‍ സന്ദേശം പൊലീസിനു ലഭിക്കുകയായിരുന്നു.

മൂന്നു പേരാണ് പ്രധാനമായും ആക്രമണത്തിനുണ്ടായിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. തോക്കുകളുമായിട്ടാണ് ഇവര്‍ ഒളിച്ചു കടന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ പൊതുഗതാഗതം ഉള്‍പ്പെടെ നിര്‍ത്തിവച്ചുകൊണ്ട് പൊലീസ് കനത്ത പരിശോധന ആരംഭിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട അക്രമികള്‍ സമീപത്തെ മെട്രോ സ്റ്റേഷനുകളിലൊന്നിലും വെടിവയ്പു നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലേക്ക് യാത്ര തിരിച്ചിരുന്ന ജര്‍മന്‍ ആഭ്യന്തര മന്ത്രി സംഭവത്തെത്തുടര്‍ന്ന് യാത്ര റദ്ദാക്കി. ജര്‍മനിക്കാവശ്യമായ എല്ലാ പിന്തുണയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വാഗ്ദാനം ചെയ്തു. അതിനിടെ ആക്രമികളിലൊരാള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പ്രാദേശിക മാധ്യമങ്ങളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) യൂറോപ്പില്‍ വ്യാപിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഐഎസ് അനുകൂല സന്ദേശങ്ങള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന അക്കൗണ്ടുകളില്‍ നിന്നാണ് ഈ സന്തോഷ പ്രകടനങ്ങള്‍ ഉണ്ടായിട്ടുള്ളത്

കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അതിനിടെ പുറത്തു വന്നിരുന്നു. തലങ്ങും വിലങ്ങും അക്രമി വെടിയുതിര്‍ക്കുന്നതും പരിഭ്രാന്തരായ ജനം ഓടുന്നതും വിഡിയോയില്‍ വ്യക്തമാണ്. സ്‌പെഷല്‍ ഫോ ഴ്‌സ് ഉള്‍പ്പെടെ പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്. അതിര്‍ത്തി രക്ഷാസേനയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജര്‍മനിയിലെ മൂന്നാമത്തെ വലിയ നഗരമായ മ്യൂണിക്കില്‍ വന്‍തോതില്‍ സുരക്ഷയും ശക്തമാക്കി. വ്യാപാരസമുച്ചയത്തിലെ റസ്റ്റോറന്റിനു നേരെ വെടിയുതിര്‍ത്ത ഒരാള്‍ സമീപത്തെ സബ്‌വേ സ്റ്റേഷനിലേക്ക് നീങ്ങിയതായും ദൃക്‌സാക്ഷികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും വഴി തിരിച്ചു. സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായി ഒഴിപ്പിച്ചു. തിരക്കേറിയയിടങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ ഒഴിപ്പിച്ചു.

വ്യാപാരസമുച്ചയത്തിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. സമുച്ചയത്തിലെ ജീവനക്കാരും അകത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമല്ല. വ്യാപാര കേന്ദ്രം സുരക്ഷാ സേന വളഞ്ഞു.

അഫ്ഗാന്‍ അഭയാര്‍ഥിയായി എത്തിയ പതിനേഴുകാരന്‍ ട്രെയിന്‍ യാത്രക്കാരെ മഴുവും കത്തിയും ഉപയോഗിച്ച് ആക്രമിച്ചു പരുക്കേല്‍പ്പിച്ചതിന്റെ ഭീതി മാറും മുമ്പാണ് പുതിയ ആക്രമണം. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button