Health & Fitness

രോഗിയാകാതിരിക്കാൻ എന്തുചെയ്യണം?

ഷാജി യു.എസ് എഴുതുന്നു

ആയുർവേദത്തിൽ ശമന ചികിത്സ, ശോധന ചികിത്സ, രസായനചികത്സ ഇത്തരത്തിൽ മൂന്നുരീതികളാണ് പ്രധാനമായി ഉള്ളത്. ദോഷങ്ങൾ വർധിക്കുന്നത് കോഷ്ഠത്തെ (ആമാശയത്തെ) കേന്ദ്രികരിച്ചു മാത്രമായിരിക്കും. എട്ടു രസങ്ങളും മാറിമാറി ഉപയോഗിച്ചുള്ള ഭക്ഷണ ക്രമം ആണ് നമുക്ക് ഹിതം ആയിട്ടുള്ളത്. നമുക്ക് ചുറ്റുമുള്ള പച്ചിലക്കറികളും പച്ചക്കറികളും മാറിമാറി ഉപയോഗിക്കാവുന്നതാണ്.

അന്നജം ദഹിക്കുന്നതിനു പാൻക്രിയാസ് തുടങ്ങിയവ കൂടുതൽ ഇൻസുലിൻ ചെലവഴിക്കേണ്ടിവരുന്നതിനാൽ പ്രായമേറിവരുന്നവർ ധാന്യ ആഹാരങ്ങൾ കുറയ്ക്കുകയും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുകയും വേണം. ഒരുതരത്തിലുള്ള പഴമാണ് ഒരുനേരം ഉപയോഗിക്കേണ്ടത്. കഴിച്ചഭക്ഷണം ദഹിക്കും മുൻപേ ഇടസമയങ്ങളിൽ എന്തെങ്കിലും കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കിയാൽ പല രോഗങ്ങളും വരാതിരിക്കാൻ സഹായിക്കും. ഭക്ഷണത്തിന് അമൃതിന്റെ സ്ഥാനം നൽകിയ ആചാര്യന്മാർ ഭക്ഷണമാണ് നിലനിർത്തുന്നതും ആരോഗ്യ നാശത്തിലേക്കു കൊണ്ടുപോകുന്നതെന്നും തിരിച്ചറിഞ്ഞിരുന്നു. ഭക്ഷണത്തിലെ പോഷകമൂല്യങ്ങൾ നമ്മെ സംരക്ഷിക്കും. എന്നാൽ അമിതആഹാരവും എണ്ണയിൽ വറുത്തവയുടെ നിരന്തരമുള്ള ഉപയോഗവും ശരീരത്തിൽ പ്രതികൂലമായ പലമാറ്റങ്ങളും ഉണ്ടാക്കും.

”പുകച്ചുണങ്ങിയ മാംസം” പോലുള്ളവ മാരകമായ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാകാൻ കാരണമാകും. നന്നായി വിശന്നതിനുശേഷം ആഹാരം കഴിക്കുന്നതും ദാഹിച്ചതിനുശേഷം വെള്ളം കുടിക്കുന്നതും ശമന ചികിത്സയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ദോഷങ്ങൾ വളരെ കോപിച്ചിട്ടില്ല (ദുഷിച്ചിട്ടില്ല) എങ്കിൽ ശമനചികത്സയിലൂടെ രോഗം സുഖപ്പെടുന്നു, ആഹാരത്തിൽ നിന്നും ശരീരത്തിൽ അടിഞ്ഞുകൂടുന്ന ധാതു മാലിന്യത്തെ ”ദൂഷീ വിഷം” എന്ന പേരിൽ ആയുർവേദം വിളിക്കുന്നു. മഞ്ഞൾപ്പൊടി കറികളിൽ ചേർത്തോ തേങ്ങയോടൊപ്പമോ (വെറുതെഉപയോഗിക്കുന്ന മഞ്ഞൾ പൊടി ശരീരത്തിന് ഉപയോഗിക്കാൻ ആകാത്തതിനാൽ) മറ്റോ നിത്യം ഉപയോഗിക്കുന്നതും കറിവേപ്പില ഉണങ്ങി പൊടിച്ചു മോരിൽ ചേർത്തു കുടിക്കുന്നതും ഇത്തരം വിഷങ്ങളെ കുറെ ശമിപ്പിക്കാൻ സഹായകരമാകും. ചീര പോലുള്ള ഇലക്കറികൾ പ്രത്യേകിച്ചും അലോപ്പതിമരുന്നുകൾ കൊണ്ടുള്ള ദോഷഫലങ്ങളെ കുറയ്ക്കാൻ സഹായിക്കും.

ശോധന ചികിത്സ ആയുർവേദത്തിന്റെ പരമ ചികിത്സയായി അറിയപ്പെടുന്നു. നെയ്യുപോലുള്ളവ ഔഷധങ്ങളോടൊപ്പം സേവിപ്പിച്ചുതുടങ്ങി ഓരോ ദിവസവും അളവ് കൂട്ടി ശരീരത്തിന്റെ പല ഭാഗങ്ങളിൽ സഞ്ചയിച്ചിരിക്കുന്ന ധാതു മലത്തെ കോഷ്ട്ടത്തിലേക്കു (ആമാശയത്തിലേക്കു) കൊണ്ടുവന്നു വയറിളക്കി ശോധനചികിത്സ നടത്തുന്നു. ഇപ്രകാരം ചെയ്യാതെ വെറുതെയുള്ള സ്നേഹ ‘സ്വേദനങ്ങൾ ചെയ്യാതുള്ള ശോധന ചികിത്സ ”പച്ചക്കായ ചതച്ചു” നീരെടുക്കുന്നതുപോലെ പ്രയോജനം ഇല്ലാത്തതാണ് എന്നു ചരകൻ പോലുള്ള ആചാര്യൻമാർ പറയുന്നു. വിയർപ്പിക്കൽ, ശർദ്ദിപ്പിക്കൽ, രക്തമോക്ഷം അഥവാ സിരാവേധം എന്നറിയപ്പെടുന്ന വരിഞ്ഞുകൊത്തൽ (ഇതിൽ ദോഷംബാധിച്ച ഭാഗത്തെ സിരകളിൽ കൂർത്ത മുനയുള്ള കത്തിപോലുള്ള ഉപകരണം കൊണ്ടു കുത്തി മുറിവുണ്ടാക്കി ദുഷിച്ച രക്തത്തെ പുറത്തു കളയുന്നു). ദീർഘ കാലമായി അനുഭവപ്പെട്ടിരുന്ന രക്തദോഷം മൂലമുള്ള രോഗങ്ങൾ ഇതുമൂലം ദിവസങ്ങൾക്കുള്ളിൽ സുഖപ്പെടുന്നു. കണ്ണിലും മറ്റും ഉണ്ടാകുന്ന രക്തദൂഷ്യം മൂലമുള്ള രോഗങ്ങളിൽ കൺപോളകളിൽ അട്ടയെ കടിപ്പിച്ചു ദുഷിച്ച രക്തത്തെ വലിച്ചെടുക്കുന്ന രീതിയും സാർവത്രികമായിരുന്നു. ഇതിനായി അട്ടയെ സൂക്ഷിച്ചിരുന്ന വൈദ്യന്മാർ ഉണ്ടായിരുന്നു.

ഇപ്രകാരം ശോധനം ചെയ്തു ദോഷങ്ങളെ ഇല്ലാതാക്കിയതിനുശേഷമാണ് ആ രോഗിയുടെ ശരീരപ്രകൃതിയും രോഗസ്വഭാവവും രോഗത്തിന്റെ പഴക്കവും കണക്കിൽ എടുത്തു ചെയ്യുന്ന ലഖുവായ ചികിത്സകൊണ്ടുതന്നെ രോഗം ഭേദമാകുന്നത്. വീണ്ടും രോഗം വരാതിരിക്കാൻ പഥ്യത്തിൽ ഉള്ള ഒരു ജീവിതരീതികൂടി കുറെ നാൾ എങ്കിലും ശീലിച്ചാൽ രോഗശമനം പൂർണമാകുന്നു .

പൊതുവെ നോക്കിയാൽ പ്രധാനമായും ഭക്ഷണത്തിൽ നിന്നുമാണ് തൃദോഷങ്ങൾ കോപിച്ചു രോഗമുണ്ടാകാൻ കാരണം. പഴയനെല്ലിന്റെ അരി ഷുഗർപോലുള്ള രോഗങ്ങൾ വേഗം ബാധിക്കാതിരിക്കാൻ സഹായിക്കുന്നു. നിത്യ ഭക്ഷണത്തിൽ ഉപയോഗിക്കാവുന്നത് പച്ചക്കറികളും ഇലക്കറികളുമാണ്. ഇലക്കറികൾ വിഷാംത്തെ ഇല്ലാതാക്കാൻ കൂടി ഉപയോഗപ്പെടുന്നു. മാംസമോ, മത്സ്യമോ ഉപയോഗിച്ചാൽ വറുത്തുകഴിക്കാതിരിക്കുന്നതു കൊളസ്ട്രോൾ മാത്രമല്ല പലരോഗങ്ങളെയും ഒഴിവാക്കും. എണ്ണയിൽ വറുക്കുമ്പോൾ ദഹിപ്പിക്കാൻ ആകാത്ത പലരാസപദാർഥങ്ങളും ഉണ്ടാകുന്നു. ആറു ഘട്ടങ്ങളിൽ ആയാണ് ആഹാരത്തിന്റെ പാചന (ദഹന പ്രക്രിയകൾ നടക്കുന്നത് എന്ന് ആയുർവേദം പറയുന്നു). ഈ ആറുഘട്ടങ്ങളും കുറ്റമറ്റതാകുമ്പോൾ ധാതു മാലിന്യങ്ങൾ മിക്കവാറും ഇല്ലാതെ ദഹനം പൂർണമാകുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മൂലമുള്ള മാലിന്യങ്ങളും രോഗത്തിന് കാരണമാകുന്നു

മുൻകാലം പട്ടിണി മരണങ്ങളുടേതും പോഷക ആഹാരക്കുറവിന്റേതും ആണെങ്കിൽ ഈ കാലം അമിതാഹാരത്തിന്റേതും അതുമൂലമുള്ള അനേകം രോഗങ്ങളുടേതും ആണ്. പൊക്കത്തിന് ആനുപാതികമായി അല്ലാത്ത തൂക്കം ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെയും ഹോർമോൺ വ്യവസ്ഥയെയും മാറ്റുന്നതിന് കാരണമാകും. കോശവാർദ്ധക്യം നേരത്തെ ആകുന്നതിനും അമിതവണ്ണം കാരണം ആകും. സ്ത്രീകളിൽ ശരീരവണ്ണവും ശരീരത്തിലുള്ള ഈസ്ട്രജൻ എന്ന ഹോര്‍മോണുമായി ബന്ധമുണ്ട്. പൊതുവെ വണ്ണം കൂടിയവരിൽ ഈസ്ട്രെജൻ അളവ് കൂടുതലായിരിക്കും.

താരതമ്യേന വണ്ണം കൂടിയ ശരീരപ്രകൃതി ഉള്ളവരിൽ രോഗാതുരത കൂടുതലും ബാധിച്ച രോഗങ്ങൾ ഭേദപ്പെടുത്തുക ശ്രമകരവുമാണ്. വണ്ണം കൂടിയ സ്ത്രീകളിൽ പ്രോ ലാക്ടിൻ എന്ന ഘടകം കൂടി ഉയർന്ന നിലയിൽ ആണെങ്കിൽ ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് അത് പ്രാഥമികമായ കാരണം ആകുന്നു എന്ന് ഓങ്കോളജിയിലെ ആധുനിക പഠനങ്ങളിൽ പറയുന്നു. ക്യാൻസർ വന്നു ഭേദമായവരിൽ പിന്നീട് വരാതിരിക്കാൻ സ്വീകരിക്കുന്ന ചികിത്സ ഈസ്ട്രജൻ, പ്രൊലാക്ടിൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള ഹോർമോൺ ചികിത്സയാണ് എന്നോർക്കുക. ഏതുപ്രായത്തിൽ ഈസ്ട്രജൻ ശരീരത്തിൽ പ്രവർത്തിക്കാൻതുടങ്ങി (ശാരീരികപ്രായപൂർത്തിയിൽ എത്തി ) എത്രവർഷങ്ങൾ നിലനിന്നു എന്നത് സ്ത്രീകൾക്കുള്ള ക്യാൻസർ ചികിത്സയിൽ നിർണായകമാണ്.
കഴിക്കുന്ന ഭക്ഷണത്തിൽ അന്നജത്തിന്റെയും, വറുത്തവയുടെയും മാംസആഹാരത്തിന്റെയും നിയന്ത്രണത്തിലൂടെയും, ചിട്ടയോടെയുള്ള പതിവായുള്ള വ്യായാമത്തിലൂടെയും ശരീരത്തിന്റെ തൂക്കത്തെ നിയന്ത്രിച്ചു നിർത്തണം. ഇക്കൂട്ടർക്ക് നടത്തം പോലുള്ള വ്യായാമം അല്ലാതെ കൂടുതൽ ആയാസമുള്ള വ്യായാമങ്ങൾ ആവശ്യമായി വരും. വിയർക്കുന്നതിലൂടെ ശരീരത്തിലെ ചില ദൂഷ്യങ്ങളെ സമീകരിക്കാൻ കഴിയും. പലരോഗങ്ങളും വരാതിരിക്കാൻ സഹായിക്കുകയും ചെയ്യും ആദരണീയനായ വൈദ്യൻ ശ്രീ രാഘവൻ തിരുമുൽപാട് വളരെക്കാലമായുള്ള നീർദോഷത്തിനു പല ചികിത്സകൾ ചെയ്യുകയും അതുകൊണ്ടൊന്നും ശമനം കാണാതിരിക്കെ കുറച്ചു വിറകു ഇറക്കി ഓരോ ദിവസവും ”ഓരോ മുട്ടി കീറി” ഒരു മാസം കഴിഞ്ഞപ്പോൾ രോഗം തീർത്തും ഇല്ലാതായതായി. അദ്ദേഹം തന്നെ പറയുന്നു വിശക്കുമ്പോൾ ആഹാരം കഴിക്കുക എന്ന രീതി വളരെ ഗുണമുണ്ടാക്കും. ദഹനക്കുറവുള്ളവർ ദഹനത്തിനുള്ളചികിത്സ ചെയ്തു അഗ്നിബലത്തെ വർധിപ്പിക്കുകയും അധികം ആയാസമില്ലാതെ ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം. ഓഫീസ് ജോലിയും മറ്റും ഉള്ളവർ ശരീര ചലനം കുറയുന്നത് കൊണ്ട് ക്രമേണ പല മെറ്റബോളിക് മാറ്റങ്ങളും ശരീരത്തിൽ ഉണ്ടാകും. അടിവയറിൽ കൊഴുപ്പു അടിഞ്ഞുകൂടി വയർചാടുന്നത് ”ഇൻസുലിൻ റെസിസ്റ്റൻസ് സിൻഡ്രം” എന്നാണ് മെഡിക്കൽ സയൻസ് പറയുന്നത്. ഈ ലക്ഷണമുള്ളവർ താമസിയാതെ പ്രമേഹ രോഗം വരാനുള്ള സാധ്യതയുണ്ട് എന്നറിഞ്ഞു ജീവിതരീതികൾ ചിട്ടപ്പെടുത്തണം. നിയന്ത്രണത്തിൽ അല്ലാത്ത പ്രമേഹവും രക്സ്തസമ്മർദ്ദവുമാണ് കേരളത്തിൽ വൃക്കരോഗികൾ വർദ്ധിക്കുന്നതിനുള്ള ഒരുകാരണം.

ആരോഗ്യത്തിനു അഗ്നിബലത്തെ എപ്പോഴും സംരക്ഷിച്ചുനിർത്തണം. കാരണം ”സ്വസ്ഥതയുടെയും ആരോഗ്യത്തിന്റെയും കാവൽക്കാരനാണ് അഗ്നി”. ഭക്ഷണമുള്ളപ്പോൾ അതിനെ ദഹിപ്പിക്കുന്ന ഈ അഗ്നി ബലം ആഹാരം ഇല്ലാത്തഅവസരത്തിൽ ശരീരത്തിന്റെ ദോഷങ്ങളെ പചിക്കുന്നതിനാൽ (ആഹാരമാക്കുന്നതിനാൽ) മാസത്തിൽ രണ്ടു പ്രാവശ്യം പൂർണ ഉപവാസം എടുക്കുന്നത് പലരോഗങ്ങളും വരാതിരിക്കാൻ സഹായിക്കുകയും ഉള്ള രോഗങ്ങൾക്ക് ശമനം നൽകുകയും ചെയ്യും. നല്ലതുപോലെ ദാഹിക്കുമ്പോൾ വെള്ള മാത്രം കുടിച്ചുഉപവാസമെടുക്കുന്നതു ശമന ചികിത്സതന്നെയാണ്. പഴങ്ങൾ മാത്രം കഴിച്ചുകൊണ്ടും ഉപവാസം എടുക്കാം. പ്രമേഹരോഗികൾ തുടങ്ങിയവർ വൈദ്യനിർദ്ദേശപ്രകാരം മാത്രം ഉപവസിക്കുക. ഉപവാസത്തിനുസേഷം ആദ്യം ഊതിയാൽ പറക്കുന്ന പൊടിയരിക്കഞ്ഞി, ശേഷം വെള്ളം കൂടുതലുള്ള വറ്റുള്ള കഞ്ഞി, ശേഷം സാധാരണ ഭക്ഷണം ഇങ്ങനെ ക്രമേണ നിത്യ ആഹാരത്തിലേക്കു വരണം.

ആരോഗ്യം അമൂല്യമാണ്. രോഗാതുരതയുടെ ദുരിതങ്ങൾ നമ്മുടെ കണ്മുന്പിലുണ്ട്. ചികിത്സകൊണ്ട് കിടപ്പാടംപോലും നഷ്ടമായവർ നമുക്കുചുറ്റുമുണ്ട്. അതിൽനിന്നും ഒഴിവായി ആരോഗ്യത്തോടെ ജീവിക്കാൻ എന്തുചെയ്യണം എന്നതായിരിക്കണം നമ്മുടെ അന്വേഷണം. ആധുനിക വൈദ്യശാസ്ത്ര സങ്കേതങ്ങൾ ഓരോ മാസവും പുതുക്കപ്പെടുകയും അതുവരെ പറഞ്ഞതിനെ തിരുത്തി പറയുകയും ചെയ്യുമ്പോൾ കാലാതീതമായി തുടരുന്ന പ്രകൃതിയോടിണങ്ങിയ ആയുർവേദ സിദ്ധാന്തങ്ങളും മരുന്നുകളും മാറ്റമില്ലാതെ തുടരുന്നു. പ്രവർത്തനത്തിന്റെ സങ്കീർണ തലങ്ങളിൽ ”ബ്ലഡ് ബ്രയിൻ ബാരിയർ” കടന്നു പോകാൻ കഴിയുന്ന ഒരു മരുന്നുപോലുമില്ലാതെ ആധുനിക വൈദ്യശാസ്ത്രം നിൽക്കുമ്പോൾ ചട്ടിയിലുംമറ്റും തിളപ്പിക്കുന്ന കഷായങ്ങൾ ”ബ്ലഡ് ബ്രയിൻ ബാരിയർ” കടന്നുചെന്നു രോഗശമനത്തെയുണ്ടാക്കുന്നു.

ബാധിച്ചിട്ടുള്ള ദോഷം വളരെയധികം ഇല്ല എങ്കിൽ ശമനചികിത്സകൊണ്ടുതന്നെ രോഗം ഭേദമാകുന്നു നസ്യം, വിയർപ്പിക്കൽ, വെയില്കൊള്ളിക്കൽ, കാറ്റേൽക്കൽഇവയും രോഗശമനത്തിന് ഉപയോഗിക്കുന്നു. നവരയരിയവം പോലുള്ളവ ചോറാക്കി നൽകി വയറിളക്കുന്നതു രോഗശമനത്തിന് ഉപയോഗിക്കുന്നു. ജീവിതചര്യയാണ് രോഗം വരാതിരിക്കാൻ ആയുർവേദം പ്രധാനമായും ചിട്ടപ്പെടുത്താൻ നിർദ്ദേശിക്കുന്നത്. ഒരുവിധം ചിട്ടയുള്ള ഒരുജീവിത ക്രമവും ഹിതവും മിതവുമായ അളവിൽ ആഹാരം കഴിക്കുന്നതും വളരെ പ്രധാനമാണ്. ജീവിതചര്യകൂടി മാറിയാൽ മാത്രം രോഗം മാറും എന്ന് പറയുന്നതും ആയുർവേദമാണ് പോഷകസമൃദ്ധം എന്നു പറഞ്ഞു മാർക്കറ്റിൽ കിട്ടുന്ന ടിൻആഹാരങ്ങൾ ഒഴിവാക്കുക. പകലുറക്കം ഉറക്കമിളപ്പ് എന്നിവ ഒഴിവാക്കുക.

ഭക്ഷണം സമയത്തു മിതമായി (കഴിയുമെങ്കിൽ സസ്യാഹാരം) കഴിക്കുക. പ്രഷർ, പ്രമേഹം, കൊളസ്ട്രോൾ ഇവ ഉണ്ടെങ്കിൽ നിയന്ത്രിക്കുകയും ഇടയ്ക്കു പരിശോധിക്കുകയും ചെയ്യുക. വൈകിട്ടു ” ത്രിഫലാദി ചൂർണം” (ആയുർവേദ മരുന്നുകടകളിൽ ലഭിക്കും) ഒരുസ്പൂൺ ചൂടുവെള്ളത്തിലോ മോരിലോ ചേർത്തു കഴിക്കുന്നത് പലരോഗങ്ങളും ബാധിക്കാതെ സൂക്ഷിക്കും. ഇതു നിത്യ രസായനങ്ങളിൽ ഒന്നാണ്. നിരന്തരമായി ഉപയോഗിക്കുന്ന ഹെയർ ഡൈ തലയിലെ രോമകൂപങ്ങളിലൂടെ ഉള്ളിലെത്തി വർഷങ്ങൾക്കു ശേഷം മാരക രോഗങ്ങൾക്കുകാരണം ആകാം. വർഷങ്ങളായി ഡൈ ഉപയോഗിക്കുന്ന ആളുകളുടെ കിഡ്നി കറുപ്പുനിറമുള്ളതായി മാറുന്നതായി പറയപ്പെടുന്നു. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ശരീരമാസകലം എണ്ണ തേച്ചു കുളിക്കുന്നത് പലരോഗങ്ങളെയും പ്രതിരോധിക്കും. പൂപ്പൽ ബാധിച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഒഴിവാക്കുക. നിരന്തരം ഉപയോഗിക്കുന്ന മരുന്നുകൾ ചികത്സകന്റെ മേൽനോട്ടത്തിൽ മാത്രം തുടരുക. കാരണം ഈ മരുന്നുകളിൽ നിന്നുള്ള രാസഘടകങ്ങൾ പുറം തള്ളാനാകാത്ത് പിന്നീട് നിങ്ങളെ മാരകരോഗിയാക്കാൻ കാരണം ആയേക്കും. ശരീര അവയവങ്ങൾക്ക് തകരാറുള്ള രോഗികളിൽ അവ വച്ചു പിടിപ്പിച്ചു തകരാറില്ലാതെ ജീവിക്കാം എന്ന ധാരണ ശരിയല്ല. കാരണം മനുഷ്യ ശരീരം യന്ത്രത്തിന് സമാനമായ ഒന്നല്ല. ജീവശക്തിയാണ് അതിനെ നിയന്ത്രിക്കുന്നത്.

കോശങ്ങളിൽ ഉണ്ടാകുന്ന അതി സൂഷ്മവ്യതിയാനങ്ങൾ ആണ് പിന്നീട് രോഗത്തിന് കാരണം ആകുന്നതു. അതുകൊണ്ടു ചിട്ടയായ ധാർമികതയിൽ അധിഷ്ഠിതമായ ജീവിതരീതിസ്വീകരിക്കുന്നത് രോഗം വരാതെ സൂക്ഷിക്കും. നെഗറ്റീവ് ആയ വികാരങ്ങൾ കോശങ്ങളിൽ നല്ലതല്ലാത്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നു. അതാണ് രോഗത്തിന് ആദി കാരണമായി തീരുന്നത്.

ശരീര കോശങ്ങളുടെ പ്രവർത്തന ഫലമായും മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതും യഥാസമയം വിസർജ്ജിക്കേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്. വിയർപ്പിലൂടെയും മൂത്രത്തിലൂടെയുമാണ് ഇവ പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത്. വിയർപ്പിക്കൽ ആയുർവേദത്തിൽ ഒരു ചികിത്സയായിത്തന്നെയുണ്ട്. ഓരോദിവസവും ശരീരത്തിൽ സഞ്ചയിക്കുന്ന മാലിന്യങ്ങൾ നിലനിൽക്കുന്ന ദോഷമായി തീരാതെ ഒഴിവാക്കാൻ വിയർക്കുന്നത്തിലൂടെ സാധിക്കുന്നു. മിതമായി ആയാസമുള്ള ജോലികളിൽ ഏർപ്പെടേണ്ടത് ആരോഗ്യത്തിനു ആവശ്യമായി വരുന്നു. വെയിൽ കൊള്ളൽ, കാറ്റേൽക്കൽ ഇവയും ശമന ചികിത്സയിൽ പെട്ടതാണ്. അതായത് പ്രകൃതിയെ മാറ്റി നിർത്തിക്കൊണ്ടുള്ള ചികിത്സക്ക് രോഗത്തെ മാറ്റാൻ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button