തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കടകംപള്ളി കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ തടഞ്ഞത്. സംഭവത്തില്‍ പരാതി കിട്ടിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് കോടതിയിലെ മീഡിയ റൂമില്‍ പോസ്റ്ററുകള്‍ പതിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. കൂടാതെ മീഡിയാ റൂം പൂട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ പ്രകോപനവുമായി രംഗത്തെത്തി. സംയമനം പാലിച്ച മാധ്യമപ്രവര്‍ത്തകര്‍ തിരികെ വരുമ്പോള്‍ അഭിഭാഷകര്‍ കോടതിയുടെ കവാടം അടയ്ക്കുകയും തുടര്‍ന്ന് കല്ലെറിയുകയും ചെയ്തു.
സമവായ ശ്രമങ്ങള്‍ക്കിടെ വീണ്ടും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ട്യൂബ് ലൈറ്റുകളും ബീയര്‍ കുപ്പികളും വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരുക്കേറ്റു. വലിയ പൊലീസ് സന്നാഹം ഉണ്ടായിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമികളെ പിടികൂടാതെ പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍. സ്ഥലത്ത് വന്‍സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Post Your Comments