Editorial

മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കിയത് ബിജെപിക്ക് ഗുണകരമാകാന്‍ സാദ്ധ്യത

ബിഎസ്പി നേതാവ് മായാവതിക്കെതിരെ മോശം പദപ്രയോഗം നടത്തിയ ബിജെപി ഉത്തര്‍പ്രദേശ്‌ ഘടകം വൈസ് പ്രസിഡന്‍റ് ദയാശങ്കര്‍ സിങ്ങിനെ പാര്‍ട്ടി പദവികളില്‍ നിന്ന്‍ പുറത്താക്കിയ നടപടി ആറ് മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനത്തില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ ദളിത്‌ വോട്ട് ബാങ്കില്‍ നിര്‍ണ്ണായക സ്വാധീനം മായാവതിയുടെ ബിഎസ്പിയ്ക്കുണ്ട്. ആ ദളിത്‌ വോട്ട്ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി ദളിത്‌ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നേരത്തേ തന്നെ ആരംഭിച്ചിരുന്നു.

ദളിത്‌ സമുദായാംഗവും ജനപ്രിയനുമായ കേശവ് പ്രസാദ് മൗര്യയെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റായി അവരോധിച്ചത് ദളിത്‌ വോട്ടുകളെ ബിജെപിയ്ക്കനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഉത്തര്‍പ്രദേശില്‍ ദളിത്‌ പിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള വിവിധ പരിപാടികളും ആസൂത്രണം ചെയ്തു വരികയായിരുന്നു ബിജെപി.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ (ആര്‍എസ്എസ്) മൂന്നാമത് സര്‍സംഘചാലക് ആയിരുന്ന മധുകര്‍ ദത്താത്രേയ ദേവ്റസിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു ദളിത്‌ കുടുംബത്തെ ദത്തെടുത്ത് സ്വന്തം കുടുംബം പോലെ പരിപാലിക്കുന്ന പരിപാടി ബിജെപി നടപ്പിലാക്കിയിരുന്നു.

സിംഹസ്ഥ് കുംഭമേളയുടെ സമയത്ത് ദളിത്‌ പ്രവര്‍ത്തകരോടൊപ്പം സമരസ്ത സ്നാന്‍ എന്നപേരില്‍ പുണ്യസ്നാനം നടത്തുന്ന പരിപാടിയും ബിജെപിയെ സംബന്ധിച്ച് വന്‍വിജയമായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ സമൂഹത്തിലെ താഴേക്കിടയിലുള്ള ആളുകളുടെ വീടുകളില്‍ പോയി ഭക്ഷം കഴിക്കുന്ന പരിപാടിയും ഇതിന്‍റെ ഭാഗമായി ബിജെപി സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബാബാസാഹിബ് അംബേദ്‌കറെ പാടേമറന്നു എന്ന രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയിരുന്ന സമയത്ത് തങ്ങളുടെ എല്ലാ പരിപാടികളിലും ബിജെപിയുടെ സമുന്നത നേതാക്കള്‍ക്കും, മറ്റ് മുതിര്‍ന്ന ദേശീയനേതാക്കള്‍ക്കുമൊപ്പം അംബേദ്‌കര്‍ക്കും സവിശേഷസ്ഥാനം നല്‍കിയതും സംസ്ഥാനത്തെ ദളിതരുടെ ഇടയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത നല്‍കി.

ഇങ്ങനെ വിവിധ പരിപാടികളിലൂടെ പാര്‍ട്ടിയുടെ ദളിത്‌ അടിത്തറ വികസിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് ദയാശങ്കര്‍ സിംഗ് യാതൊരു വകതിരിവുമില്ലാത്ത രീതിയില്‍ വന്‍വിവാദം ഉണ്ടാക്കാന്‍ പര്യാപ്തമായ ഒരു വിഷയം മായാവതിക്ക് നല്‍കുന്നത്. തന്‍റെ പാര്‍ട്ടിയുടെ വോട്ട്ബാങ്കില്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്ന ബിജെപി സ്വാധീനത്തെക്കരുതി ആശങ്കയിലായിരുന്ന മായാവതി കിട്ടിയ അവസരം ശരിയായി ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. പക്ഷേ, മായാവതിയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ദയാശങ്കര്‍ സിങ്ങിനെ പ്രതിരോധിക്കാന്‍ ബിജെപി ശ്രമിച്ചില്ല എന്ന്‍ മാത്രമല്ല, മായാവതിയോട് മാപ്പ് പറയുകയും, കുറ്റക്കാരനായ ദയാശങ്കറിനെ പാര്‍ട്ടി പദവികളില്‍ നിന്ന്‍ പുറത്താക്കുകയും ചെയ്തു.

ഈ നടപടിയോടെ വന്‍വിവാദമാകുമായിരുന്ന ഒരു വിഷയത്തെ അതിന്‍റെ ആരംഭത്തില്‍ത്തന്നെ ഇല്ലായ്മ ചെയ്യാനും, ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയത്തില്‍ തങ്ങളുടെ പ്രതിച്ഛായയ്ക്ക് ഉടച്ചില്‍ തട്ടാതെ നോക്കാനും പാര്‍ട്ടിക്കായി. ദളിതരെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ തങ്ങള്‍ പാര്‍ട്ടിയിലെ വലിപ്പചെറുപ്പങ്ങള്‍ നോക്കാതെ നടപടിയെടുക്കും എന്ന സന്ദേശമാണ് ദയാശങ്കറിനെ പുറത്താക്കിയതിലൂടെ ബിജെപി നല്‍കിയിരിക്കുന്നത്. ബിഎസ്പി, എസ്പി എന്നിവരോടൊപ്പം കോണ്‍ഗ്രസും ഒരു പ്രധാനശക്തിയായി മാറാന്‍ ശ്രമിക്കുന്ന ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഈ നീക്കം ബിജെപിക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button