ദുബായ് : ദുബായില്‍ ഇനി പുഷ്പനഗരവും വരുന്നു. ദുബായ് അല്‍ഐന്‍ റോഡിനോടു ചേര്‍ന്ന് 14,000 ഹെക്ടറിലാണ് പൂക്കളുടെ ആകൃതിയിലുള്ള ഡെസര്‍ട് റോസ് സിറ്റി നിര്‍മിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയമുള്‍ക്കൊണ്ടു മാലിന്യ രഹിതവും അത്യാധുനികവുമായ പാര്‍പ്പിട സമുച്ചയമാണു യാഥാര്‍ഥ്യമാക്കുകയെന്നു മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
പുഷ്പ നഗരത്തിന്റെ 75 % താമസ കേന്ദ്രങ്ങളായിരിക്കും. ആദ്യഘട്ടത്തില്‍ 1.6 ലക്ഷം പേര്‍ക്കു താമസിക്കാന്‍ സൗകര്യമുണ്ടാകും. ഇതോടനുബന്ധിച്ചു കൂടുതല്‍ ഹരിതകേന്ദ്രങ്ങളൊരുക്കും. മാലിന്യസംസ്‌കരണത്തിനുള്ള വിപുലമായ സംവിധാനവും സജ്ജമാക്കും. പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിച്ചാകും കെട്ടിടസമുച്ചയം പൂര്‍ത്തിയാക്കുകയെന്നും വ്യക്തമാക്കി.
അതിനൂതന സംവിധാനങ്ങളോടു കൂടിയ മനോഹര നഗരമാണു വിഭാവനം ചെയ്യുന്നത്. ദുബായ് ആതിഥ്യം വഹിക്കുന്ന 2020 എക്‌സ്‌പോയ്ക്കു മുന്‍പായി ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍, ആശുപത്രികള്‍, പൊലീസ് സ്‌റ്റേഷന്‍ തുടങ്ങിയവ ഇവിടെയുണ്ടാകും. നഗരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സൗരോര്‍ജ സംവിധാനങ്ങളെ ആശ്രയിച്ചായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.
Post Your Comments