കാശ്മീരില്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്ക് പാകിസ്ഥാന്‍ ആസ്ഥാനമാക്കി ഇന്ത്യയ്ക്കെതിരെ വിധ്വംസക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹഫീസ് സയീദ് പാകിസ്ഥാനില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളില്‍ ബുര്‍ഹാനുമായി താന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെപ്പറ്റി പരാമര്‍ശം ഉണ്ടായതിനെത്തുടര്‍ന്നാണിത്.
ബുര്‍ഹാന്‍റെ വധത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി ഗുജ്റാവാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്നതിന്‍റെ തലേദിവസം ബുര്‍ഹാന്‍ തന്നെ ഫോണില്‍ വിളിച്ച കാര്യം ഹാഫിസ് സയീദ് വെളിപ്പെടുത്തിയത്. താനുമായി സംസാരിക്കുക എന്നുള്ളത് ജീവിതാഭിലാഷമായിരുന്നു എന്ന് ബുര്‍ഹാന്‍ പറഞ്ഞതായും ഹഫീസ് വെളിപ്പെടുത്തി.
ഹഫീസിനോട് സംസാരിച്ചതോടെ ജീവിതാഭിലാഷം പൂര്‍ത്തിയായെന്നും ഇനി രക്തസാക്ഷിയായാല്‍ മതിയെന്നും ബുര്‍ഹാന്‍ പറഞ്ഞതായും ഭീകരസംഘടന ജമാ-ഉദ്-ദാവയുടെ മേധാവി വെളിപ്പെടുത്തി.
പാകിസ്ഥാനില്‍ സയീദിന്‍റെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ബുര്‍ഹാന്‍റെ മൊബൈല്‍ റെക്കോര്‍ഡുകള്‍ വിശദമായി പരിശോധിച്ചു. ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്നതിന് മുമ്പ് ബുര്‍ഹാന്‍റെ നമ്പരില്‍ നിന്നും പാകിസ്ഥാനിലുള്ള പല നമ്പരുകളിലേക്കും വിളിച്ചിട്ടുണ്ടെന്ന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതിലൊരു നമ്പര്‍ ഹഫീസ് സയീദിന്‍റെ ആകാമെന്നാണ് ഇപ്പോള്‍ നിഗമനം.
Post Your Comments