കാബൂൾ: ഇന്ത്യയെ ആക്രമിക്കാൻ താലിബാന്റെ സഹായം തേടി തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവൻ സയ്യിദ് സലാഹുദ്ദീൻ. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സലാഹുദ്ദീന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നു. ഓഡിയോയിൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം നടത്താൻ കശ്മീരികളെ ശക്തിപ്പെടുത്തുമെന്നും അതിനായി താലിബാന് കഴിയട്ടെയെന്നുമാണ് തീവ്രവാദി ആഹ്വാനം ചെയ്യുന്നത്. ജമ്മു കശ്മീരിൽ തീവ്രവാദം പ്രചരിപ്പിക്കുന്നതിന് താലിബാൻ തീവ്രവാദികളോട് സഹായം അഭ്യർത്ഥിക്കാനും സലാഹുദ്ദീൻ മറന്നില്ല.
‘അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ശക്തിപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, അങ്ങനെ അവർ ഇന്ത്യയ്ക്കെതിരെ കശ്മീരികളെ പിന്തുണയ്ക്കും’, ഓഡിയോ സന്ദേശത്തിൽ സയ്യിദ് സലാഹുദ്ദീൻ പറഞ്ഞു. ഇതിന്റെ ഓഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അമേരിക്കയുടെ പിൻവാങ്ങലും താലിബാന്റെ ആവിർഭാവവും കശ്മീരിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിച്ചേക്കാമെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പാക്കിസ്ഥാൻ പിന്തുണയുള്ള ഗ്രൂപ്പുകളായ ലഷ്കർ-ഇ-തൊയ്ബ, ജെഇഎം, താലിബാൻ എന്നിവർ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപനത്തിനുള്ള സാധ്യതയും സംഘം തള്ളി കളയുന്നില്ല.
Post Your Comments