മലപ്പുറം : മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നു പിടിയ്ക്കുന്ന ഡിഫ്തീരിയ ബാധ പ്രതിരോധ കുത്തിവെയ്പിനെതിരെ പ്രചാരണം നത്തുന്ന വ്യാജ ഡോക്ടര്‍ക്കെതിരെ പരാതി. കേരള ഫ്രീ തിങ്കേഴ്‌സ് ഫോറമാണ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്ക് ജേക്കബ് വടക്കഞ്ചേരി എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്.
കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഈ വ്യക്തി ഡോക്ടര്‍ ആണെന്ന് സ്വയം അവകാശപ്പെടുകയും തന്റെ പരസ്യങ്ങളിലും നോട്ടീസിലും ഡോക്ടര്‍ എന്ന ടൈറ്റില്‍ പ്രദര്‍ശിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച തന്റെ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഈയിടെ ഉണ്ടായ ഡിഫ്ത്തീരിയ മരണങ്ങള്‍ പോലും തന്റെ കള്ളപ്രചാരണങ്ങള്‍ക്ക് ശക്തി കൂട്ടുവാന്‍ ഉള്ള ഉപാധിയായാണ് ജേക്കബ് വടക്കാഞ്ചേരി ഉപയോഗിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതു സമ്മേളനങ്ങള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജേക്കബ് വടക്കാഞ്ചേരി നടത്താറുള്ള ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍, ഇയാള്‍ പ്രസിദ്ധീകരിക്കുന്ന സുജീവിതം മാസിക എന്നിവ വഴിയായി, പകര്‍ച്ച വ്യാധി രോഗാണുക്കള്‍ കാരണമല്ലെന്നും പ്രതിരോധ വാക്‌സിനുകള്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഗൂഡാലോചന ആണെന്നും പ്രചരിപ്പിക്കുന്നുവെന്നും. കൂടാതെ ഇയാള്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ ശതമാനം തീരെ കുറഞ്ഞതില്‍ പരാക്രമം കാട്ടിയിരുന്ന അലോപ്പതിക്കാരുടെ കുതന്ത്രമാണോ ഡിഫ്ത്തീരിയ മരണങ്ങളെന്നും, ഡിഫ്ത്തീരിയ ബാധിച്ച് മരിച്ച കുട്ടികളെ തട്ടിയതാണെന്ന് തനിക്ക് സംശയമുണ്ടെന്നും പ്രചരിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു.
ഈ വ്യക്തി ദേശീയ ഇമ്മ്യൂണൈസേഷന്‍ പദ്ധതിക്ക് എതിരായി ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയും സംശയവും ജനിപ്പിക്കുന്ന പരിപാടികള്‍ നടത്തുകയും തദ്വാര വാക്‌സിനേഷന്‍ നടത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതിയില്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് മന്ത്രി കേരള ഫ്രീ തിങ്കേഴ്‌സ് ഫോറത്തിന് ഉറപ്പ് നല്‍കി.
Post Your Comments