ഏതൊരു സ്ഥലത്തും ഏതൊരു വീടിനും വളരെ വെടിപ്പോടെ പ്രധാനവാതില്‍ എങ്ങനെ ക്രമീകരിക്കാമെന്ന് വ്യക്തമാക്കാം.
ഒരു വീടിന് സ്ഥാനനിര്‍ണ്ണയം ചെയ്യും മുമ്പുതന്നെ ഏതൊരു വീട്ടുടമയും തീരുമാനിക്കുന്നൊരു കാര്യമുണ്ട്. വീടിന്റെ പൂമുഖം ഇന്ന ദിക്കിലേക്ക് വേണമെന്നതായിരിക്കുമത്. ഇത് തീരുമാനിക്കുന്ന 99 ശതമാനം പേരും വീടിന്റെ കാഴ്ചയുടെ ഭംഗിതന്നെയായിരിക്കും കാരണമായിപ്പറയുന്നതും.
എവിടേയ്‌ക്കൊക്കെ വീടിന്റെ കാഴ്ചയാവാം?
പ്രധാനമായും നാല് ദിക്കുകളിലേക്കാണല്ലോ വീടുകളുടെ മുഖ്യ കവാടങ്ങള്‍ വയ്ക്കാറ്. മഹാദിക്കുകളെന്ന് അറിയപ്പെടുന്ന കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവയാണവ.
ഇതില്‍ കിഴക്ക്വടക്ക്പടിഞ്ഞാറ് ദിക്കുകള്‍ ഏവരും സാധാരണയായിത്തന്നെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ തെക്ക് ഭാഗത്തേക്ക് പ്രധാനവാതില്‍ ആകാമോയെന്ന് ചിലരിലെങ്കിലും ഒരു സംശയം ബാക്കിനില്‍ക്കാറുണ്ട്.
തെക്ക് ഭാഗത്ത് ഒരു പദം (36 ഇഞ്ച്) വഴിയുണ്ടെങ്കില്‍ മറ്റു ദിക്കുകളെപ്പോലെ തന്നെ ഈ ദിക്കിലേക്കും പ്രധാനവാതില്‍ വരുന്നതിന് യാതൊരു തടസ്സവുമില്ല.
എന്നാല്‍ തെക്ക് ഭാഗത്തായി വളരെ ദൂരെയല്ലാതെ ഒരു ശ്മശാനം നിലവില്‍ ഉണ്ടെങ്കില്‍ ആ ഭാഗത്തേക്ക് പ്രധാനവാതില്‍ വയ്ക്കുക പതിവില്ല. ആദ്യകാലങ്ങളിലെല്ലാം തെക്ക് ഭാഗം ശ്മശാനത്തിനായി ഒഴിച്ചു വയ്ക്കുന്ന പതിവുണ്ടായിരുന്നു.
എന്നാല്‍ രണ്ടു മൂന്നു സെന്റില്‍വരെ ഒരു വീടുയരുന്ന ഈ കാലം, ഇത്തരത്തില്‍ ശ്മശാനങ്ങളെ ഒരുതരത്തിലും പേടിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ
തെക്കുഭാഗവും മുഖ്യ കവാടത്തിനുപയോഗിക്കാവുന്നതാണ്.
ഇനിയിപ്പോള്‍ ഏറ്റവും ശുദ്ധമെന്ന് പറഞ്ഞുവരുന്ന വടക്ക്, കിഴക്ക് ദിക്കുകള്‍ തന്നെ ചില സന്ദര്‍ഭങ്ങളിലെങ്കിലും നിര്‍ബന്ധമായും ഒഴിവാക്കിയേ പറ്റൂ.
പൂമുഖത്തിന് വളരെയടുത്തായി അയല്‍വാസിയുടെ ബാത്ത്‌റൂം ഉണ്ടെങ്കില്‍ ദിക്കിനെത്ര പ്രാധാന്യമുണ്ടെങ്കിലും ഈ ഭാഗം ഒഴിവാക്കി മറ്റ് ദിക്കുകള്‍ സൗകര്യപ്രദമായി ഉപയോഗിക്കുന്നതുതന്നെയാണ് നല്ലത്.
വീടിന്റെ പ്രധാന കവാടം ഏറ്റവും ഭംഗിയാര്‍ന്നതും പ്രസാദാത്മകവും വെളിച്ചം ഉള്ള ഭാഗത്തും കടന്നുവരാന്‍ പ്രയാസമില്ലാത്ത വഴി സൗകര്യവുമുള്ളിടത്തുമായിരിക്കണം.
പ്രധാന വാതില്‍ എങ്ങനെ?
ഏതൊരു വീടിന്റെയും ഏറ്റവും സുന്ദരമായ ഭാഗം സ്ഥിതി ചെയ്യുന്നത് പ്രധാനവാതിലുമായി ബന്ധപ്പെട്ടുതന്നെയായിരിക്കുമല്ലോ? ആയതിനാല്‍ തന്നെ ഈ ഭാഗത്ത് വരുന്ന വാതില്‍ കട്ടിളയും കതകും അല്പമൊന്ന് ശ്രദ്ധിച്ചുതന്നെയാണേവരും പണികഴിപ്പിക്കാറ്.
ഇതിന് മരം തന്നെയാണിന്നും ഏറ്റവും കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. മരങ്ങളില്‍ പ്ലാവ്, വീട്ടി (ഈട്ടി), തേക്ക്, ഇരുള്‍ എന്നിവയാണ് സാധാരണയായി ഉപയോഗിച്ച് കണ്ടിട്ടുള്ളത്. ഇവ തന്നെ ഒരേ ഉണക്കവും കനവും ഉള്ളതായിരിക്കണം. എന്നാല്‍ മാത്രമേ ഇവയ്ക്ക് പിരിച്ചിലും അകലുന്ന സ്ഥിതിയും ഇല്ലാതാവൂ.
ഇവ ചുമരില്‍വച്ച് തുടങ്ങുന്നതിന് മുമ്പ് ചിതല്‍ വരാതിരിക്കുന്നതിന് ഉള്ള മരുന്നുകളോ, എണ്ണകളോ തേച്ച് പിടിപ്പിച്ചുണക്കണം. നാടന്‍ രീതിയാണെങ്കില്‍ കടുകെണ്ണയും മഞ്ഞളും ഉപ്പും ചേര്‍ത്ത് കോട്ടണ്‍ തുണിയാലോ, ബ്രഷിനാലോ തേച്ച് പിടിപ്പിച്ച് ഉണക്കണം.
കടുകെണ്ണയ്ക്ക് പകരം ചിലയിടങ്ങളില്‍ എള്ളെണ്ണയും, വേപ്പെണ്ണയും ഉപയോഗിച്ച് കാണാറുണ്ട്. എങ്കിലും കടുകെണ്ണ തന്നെയാണ് കൃമി കീടങ്ങളെ ഒഴിവാക്കുന്നതിനുള്ള രൂക്ഷഗന്ധമുളളത്.
കട്ടിള കനം മൂന്നര ഇഞ്ചു മുതല്‍ നാല്അഞ്ച് ഇഞ്ചുവരെയാവാം. വീതി നാല് ഇഞ്ചു മുതല്‍ ഒമ്പതു ഇഞ്ചുവരെയാവാം. കതകിന്റെ കനം ഒരിഞ്ച് മുതല്‍ ഒന്നേമുക്കാല്‍ ഇഞ്ചുവരെ കഴിവനുസരിച്ചും സാമ്പത്തികസ്ഥിതിക്കുമനുസരിച്ച് ഏതുമാവാം.
സൂത്രട്ടി വച്ച് വാതില്‍ ഉറപ്പോടെയും ഭംഗിയോടെയും ചെയ്യാവുന്നതാണ്. ഉള്ളില്‍ നിന്നടച്ചാല്‍ നല്ല ഉറപ്പോടെ വേണമെന്നാണെങ്കില്‍ ‘സാക്ഷ’ (മരം മാത്രം വച്ച് ചെയ്യുന്ന മരലോക്ക് അങ്ങോട്ടും ഇങ്ങോട്ടും കയറുന്ന രീതിയിലുള്ളതും പഴമക്കാര്‍ ഉപയോഗിച്ചിരുന്നതും) വൃത്തിയായി പണി ചെയ്തുപയോഗിക്കാം.
കട്ടിളയ്ക്ക് ചേറ്റുപടി (നിലത്ത് പതിഞ്ഞ് കിടക്കുന്ന കട്ടിളഭാഗം) ഇല്ലാതെ ഒരു തരത്തിലും പണികഴിപ്പിക്കുരുത്.
ഓരോ ദിക്കിന്റെയും ദേവതകള്‍
കിഴക്കേ ദിക്കിന്റെ ദേവത ഇന്ദ്രദേവനും, വടക്ക് ദിക്കിന്റെ ദേവത കുബേരനും, പടിഞ്ഞാറ് ദിക്കിന്റെ ദേവത വരുണനും, തെക്ക് ദിക്കിന്റെ ദേവത യമദേവനും, തെക്ക് കിഴക്കിന്റെ ദേവത അഗ്‌നിദേവനും, തെക്ക് പടിഞ്ഞാറ് ദിക്കിന്റെ ദേവത പിശാചും, വടക്ക് പടിഞ്ഞാറ് ദിക്കിന്റെ ദേവത വായൂദേവനുമാണ്
ഇവര്‍ക്കെല്ലാം ഒത്ത നടുവിലായി വാസ്തുപുരുഷനും സ്ഥാനമുണ്ട്. മേല്‍പ്പറഞ്ഞ എല്ലാ ദേവതാപ്രസാദവും ഉണ്ടെങ്കിലും വാസ്തുപുരുഷ പ്രീതിയില്ലെങ്കില്‍ ആ ഗൃഹത്തിലെ താമസം വളരെ പ്രയാസമേറിയതായിരിക്കും.
അതുകൊണ്ടുതന്നെയാണ് ഓരോ ചടങ്ങിലും വാസ്തുപൂജയും വാസ്തുബലിയും വേണ്ടവിധത്തില്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
മഹാദിക്കുകള്‍ കണക്കാക്കി ഗൃഹനിര്‍മ്മാണം സാധ്യമാണോ?
മഹാദിക്കുകള്‍ എന്നാല്‍ കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് ഇവയാണെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ഈ ദിക്കുകള്‍ക്ക് തീര്‍ത്തും ശരിയാക്കി വീട് നിര്‍മ്മിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 20 സെന്റെങ്കിലും ആവശ്യമായിവരും. അല്ലാതെ അഞ്ചോ, ആറോ സെന്റില്‍ ഒരു വീടിന് കന്നിമൂലയില്‍ കുറ്റിയടിച്ചശേഷം നേരെ വടക്കോട്ട് നൂല് പിടിച്ചാല്‍ അത് അന്യന്റെ പറമ്പിലേക്ക് ആയിരിക്കും ചെന്ന് ചേരുന്നത്. നേരെ കിഴക്കോട്ട് നൂലുപിടിച്ചാലും ഇതു തന്നെയായിരിക്കും ഫലം.
സ്ഥലപരിമിതി ഏറ്റവും രൂക്ഷമായ ഈ കാലത്ത് വഴിമറി (സ്ഥലത്തിന്റെ കാഴ്ചക്കിടപ്പിന് അനുസരിച്ച്) നോക്കിമാത്രമാണ് ഭൂരിഭാഗം വീടുകളും ഉയരുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ എടുക്കുന്ന വീടുകളുടെ നേര്‍കിഴക്ക്, നേര്‍വടക്ക് ഇവയൊന്നും കിട്ടുക സാധ്യവുമല്ല.
ഇത്തരത്തില്‍ വഴിമറിക്കനുസരിച്ച് എടുത്ത വീടുകള്‍ക്ക് ഗൃഹദോഷ നിവാരണം ഗ്രഹദോഷനിവാരണം, അറുപത്തിനാല് കളം തീര്‍ത്ത് വാസ്തുബലി, മഹാഗണപതിഹോമം, മുഹൂര്‍ത്തപ്രകാരമുള്ള ഗൃഹപ്രവേശനം, പാലുകാച്ചല്‍ ഇവ ചെയ്ത് (അറിവുള്ള ആചാര്യനാല്‍ ഏതൊക്കെ ചെയ്യണമെന്ന് കണ്ടെത്തി) മാത്രം കുടിയിരുന്നാല്‍ സാധാരണ വീടുപോലെതന്നെ വളരെ ഐശ്വര്യപൂര്‍ണ്ണമായി വസിക്കാവുന്നതാണ്.
ഏത് ദിക്കിലേക്ക് ഗൃഹത്തിന്റെ പ്രധാനവാതില്‍ പണിതാലും ആ ഗൃഹത്തില്‍ വരുന്ന അടുക്കള ഒരു കാരണവശാലും തെക്കോട്ട് തീ നീക്കം വരുന്ന രീതിയിലോ, തെക്ക് പടിഞ്ഞാറ് തീ നീക്കം വരുന്ന രീതിയിലോ പണിയരുത്. ഇത്തരത്തില്‍ വാസ്തുശാസ്ത്രത്തിന്റെ ശരിയായ രീതിയില്‍ ഗൃഹം വന്നാല്‍ സന്തോഷത്തോടെയും ഐശ്വര്യത്തോടെയും ആ ഗൃഹത്തില്‍ വസിക്കുവാന്‍ കഴിയും.
Post Your Comments