KeralaNews

റേഷന്‍ കടകളില്‍ അടിമുടി മാറ്റം ഇനി റേഷന്‍ വാങ്ങാനും വിരലടയാളം; സംവിധാനം മൂന്നുമാസത്തിനകം

തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിരലടയാളം സ്വീകരിച്ച് റേഷന്‍ വിതരണം ചെയ്യുന്ന സമ്പ്രദായം മൂന്നുമാസത്തിനകം നിലവില്‍ വരും. സംസ്ഥാനത്തെ 14,267 റേഷന്‍ കടകളിലും ഇതിനായി ബയോമെട്രിക് യന്ത്രം വാങ്ങാന്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. ഒരുകുടുംബത്തിലെ ഏതംഗത്തിനും റേഷന്‍ കടയിലെത്തി ബയോമെട്രിക് യന്ത്രത്തില്‍ വിരലമര്‍ത്തിയാല്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കും. സ്ഥിരമായി ഒരു റേഷന്‍കടയില്‍നിന്ന് ഭക്ഷ്യധാന്യം വാങ്ങണമെന്ന് നിര്‍ബന്ധമില്ല. ഏത് റേഷന്‍ കടയില്‍പ്പോയാലും സാധനം വാങ്ങാവുന്ന തരത്തിലുള്ളതാണ് സംവിധാനം. റേഷന്‍ വിതരണത്തിലെ ക്രമക്കേടും തിരിമറിയും തടയാന്‍ ലക്ഷ്യമിട്ടാണിത്. എല്ലാ കാര്‍ഡുടമകളുടെയും ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ റേഷന്‍ വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് വിരലടയാളത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ നല്കുക. പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്കിയപ്പോള്‍ ആധാര്‍ വിവരങ്ങള്‍ നല്കാത്തവരില്‍നിന്ന് ആധാര്‍ നമ്പര്‍ സ്വീകരിക്കും. പൂര്‍ണമായും ഇന്റര്‍നെറ്റ് അധിഷ്ഠിതമാണ് പുതിയസംവിധാനം. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം കാര്‍ഡുടമ വാങ്ങുന്ന നിമിഷംതന്നെ സംസ്ഥാന ഭക്ഷ്യവകുപ്പിനും കേന്ദ്രഭക്ഷ്യമന്ത്രാലയത്തിനും സന്ദേശങ്ങള്‍ ലഭിക്കും. യഥാര്‍ത്ഥ കാര്‍ഡുടമയ്ക്കാണ് ഭക്ഷ്യധാന്യം ലഭിച്ചതെന്ന് ഇതില്‍നിന്ന് മനസിലാക്കാം. വിരലടയാളമായതിനാല്‍ ഏതെങ്കിലുമൊരു കാര്‍ഡുടമ ഭക്ഷ്യധാന്യം വാങ്ങിയില്ലെങ്കില്‍ തിരിമറി നടത്താനും റേഷന്‍ കടക്കാര്‍ക്ക് കഴിയില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിരലടയാളം പതിപ്പിച്ചുകൊണ്ടുള്ള റേഷന്‍ വിതരണം നേരത്തെ ആരംഭിച്ചിരുന്നു. റേഷന്‍ വാങ്ങുമ്പോള്‍ കാര്‍ഡുടമകള്‍ മുഴുവന്‍ തുകയും അടയ്ക്കണോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മുഴുവന്‍ തുകയും റേഷന്‍കട വഴി അടയ്‌ക്കേണ്ടി വരുമ്പോള്‍ സബ്‌സിഡിയും ബാങ്ക് വഴി അക്കൗണ്ടിലെത്തുന്ന രീതിയിലായിരിക്കും നടപടികള്‍.പുതിയ സംവിധാനം വരുന്നതിന്റെ ഭാഗമായി റേഷന്‍കടകള്‍ നവീകരിച്ച് കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button