പൂനെ ● പൂര്‍ണമായും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ പൂനെ സ്വദേശിയായ ബിസിനസുകാരന് ദത്താത്രേയ ഫൂഗെ(44) കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ഫൂഗെയെ വിളിച്ച്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ദിഗിയിലെ ഭാരത്മാതാ നഗറിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു അക്രമണം. കല്ലുകളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സംഭവസ്ഥലത്ത് തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചിട്ടിക്കമ്പനി ഉടമയായ ഫൂഗെ നിരവധി പേരില്‍നിന്നും പണം നിക്ഷേപമായി വാങ്ങിയ ശേഷം തിരിമറി നടത്തിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നതായി പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച തര്ക്കമാകണം കൊലയ്ക്കു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
3.5 കിലോ ഗ്രാം സ്വര്‍ണ്ണമുപയോഗിച്ചാണ് ഫൂഗെ ഷര്‍ട്ട് നിര്‍മ്മിച്ചത്. 1.27 കോടി രൂപയായിരുന്നു ഇതിന്റെ മൂല്യം. ബെല്‍റ്റ്, മാലകള്‍, ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴു കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്. ഫൂഗെയുടെ ഭാര്യ മുന്‍ എന്‍.സി.പി നഗരസഭ കൌണ്‍സിലറായിരുന്നു.
Post Your Comments