കൊച്ചി : സംസ്ഥാനത്തെ യുവതീയുവാക്കളെ കാണാതായ കേസ് ഫയലുകള്‍ ഇന്റലിജന്‍സ് വിഭാഗം ജില്ലതിരിച്ചു പരിശോധിച്ചുതുടങ്ങി. മലയാളി യുവാക്കളെ രാജ്യാന്തര ഭീകരസംഘടന റിക്രൂട്ട് ചെയ്തതായുള്ള പരാതിയെ തുടര്‍ന്നാണു പരിശോധന. പറവൂര്‍ അണ്ടിപ്പിള്ളിക്കാവ് സ്വദേശിയായ യുവതിയുടെ തിരോധാനത്തില്‍ സംശയമുണ്ടെന്നു ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
ആറുമാസം മുന്‍പ് വരാപ്പുഴ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച യുവതി കഴിഞ്ഞ മാസമാണ് ഈ ബന്ധം ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം പോയത്. വിവാഹത്തിനു മുന്‍പുതന്നെ യുവതി മതം മാറിയിരുന്നെങ്കിലും ഇക്കാര്യം മറച്ചുവച്ചാണു വരാപ്പുഴ സ്വദേശിയെ വിവാഹം കഴിച്ചത്. യുവതിയുടെ അണ്ടിപ്പിള്ളിക്കാവിലെ വീട്ടിലും ഭര്‍ത്താവിന്റെ വരാപ്പുഴയിലെ വീട്ടിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെളിവെടുപ്പു നടത്തി. പ്ലസ് ടു വരെ ഖത്തറിലാണു യുവതി പഠിച്ചിരുന്നത്.
അവിടെനിന്നു മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലെത്തി സ്ഥിരതാമസമാക്കി. അതിനിടയിലായിരുന്നു വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹം നടത്തിയത്. ഒരുമാസം മുന്‍പു കാണാതായതോടെ ബന്ധുകളുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടയില്‍ പറവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ മറ്റൊരു യുവാവിനൊപ്പം നേരിട്ടു ഹാജരായ യുവതി, സ്വന്തം ഇഷ്ടപ്രകാരമാണു ഭര്‍ത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നതെന്നു മൊഴി നല്‍കി. ഷാര്‍ജയില്‍ ജോലി ലഭിച്ചതായാണു യുവതി ബന്ധുക്കളോടു പറഞ്ഞതെങ്കിലും ഫോണ്‍ നമ്പറുകള്‍ പരിശോധിച്ച പൊലീസ് നിലമ്പൂര്‍, കാസര്‍കോട്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് ഇവര്‍ തങ്ങിയതെന്നു തിരിച്ചറിഞ്ഞു.
സമാന സംഭവങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും (റോ) അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ അണ്ടിപ്പിള്ളിക്കാവിലെ യുവതിയുടെ തിരോധാന കേസിന്റെ ഫയലും കൈമാറിയിട്ടുണ്ട്. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടു കൊച്ചി കേന്ദ്രീകരിച്ചു വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ സംശയത്തിന്റെ നിഴലിലാണ്. നഗരത്തിലെ ഒരു ക്രിമിനലും മൂവാറ്റുപുഴയിലെ മതനേതാവുമാണു സംശയിക്കപ്പെടുന്നത്.
ഇവരുടെ നീക്കങ്ങള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും റിക്രൂട്‌മെന്റില്‍ ഇവര്‍ക്കുള്ള പങ്കു സ്ഥിരീകരിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട തമ്മനം സ്വദേശി മുഹമ്മദ് യാസിന്‍ (വര്‍ഗീസ് ജോസഫ്) നഗരത്തിലെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ്, ഇപ്പോള്‍ സംശയിക്കപ്പെടുന്ന ക്രിമിനലിന്റെ മൊഴി അന്നു രേഖപ്പെടുത്തിയിരുന്നു.
Post Your Comments