Gulf

തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം

യു.എ.ഇ : തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതര്‍. നിര്‍ബന്ധിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും തൊഴിലെടുപ്പിക്കുന്നതു നിരോധിച്ചതായി അധകൃതര്‍ വ്യക്തമാക്കി. പതിനൊന്നു ഭാഷയില്‍ രൂപപ്പെടുത്തുന്ന തൊഴില്‍ വാഗ്ദാന രേഖയില്‍ സ്വദേശങ്ങളില്‍ തന്നെ ഒപ്പുവയ്ക്കാന്‍ വിദേശതൊഴിലാളികള്‍ക്കു അവസരം നല്‍കുന്നുണ്ട്.

തൊഴിലുടമയുമായി യോജിച്ചു പോകാന്‍ കഴിയില്ലെങ്കില്‍ ഏതു സമയം തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ സാധിക്കുന്ന വിധമാണു തൊഴില്‍ നിയമങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദിഷ്ട തൊഴില്‍ സാഹചരൃവും ആനുകൂല്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ തൊഴില്‍ വാഗ്ദാനം നിരസിക്കാന്‍ സാധിക്കും. ഇരുവിഭാഗത്തിനും തൃപ്തികരമാണെങ്കില്‍ മാത്രമേ വീസയ്ക്കുള്ള തുടര്‍പ്രക്രിയകള്‍ നടത്തേണ്ടതുള്ളൂ. നിലവിലുള്ള തൊഴില്‍ മാറാന്‍ താല്‍പര്യമുള്ളവര്‍ക്കു നിയമാനുസൃതം അതിനു സാധിക്കുന്ന വിധത്തിലുള്ള തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളാണു മന്ത്രാലയം 2015 അവസാനം മുതല്‍പ്രാബല്യത്തിലാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

തൊഴില്‍ കരാര്‍ രൂപപ്പെടുത്തുന്നതിനു മുന്‍പുള്ള പ്രാഥമിക തൊഴില്‍ രേഖയാണു ഓഫര്‍ ലെറ്റര്‍. ഇതില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ തൊഴിലാളി എത്രയും വേഗം രാജ്യത്തേക്കു പ്രവേശിക്കണം. വീസാ ചെലവുകള്‍ തൊഴിലാളികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്നും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളും കടമകളുമെല്ലാം തൊഴില്‍ നിയമാവലികളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. ഒരാള്‍ക്കു അനിഷ്ടകരമെന്ന് തോന്നിയാല്‍ ഏതുസമയവും തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ നിയമം അനുമതി നല്കുന്നുണ്ട്. തൊഴിലുടമയ്ക്കും തൊഴിലാളിക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാണു തൊഴില്‍ മേഖലയിലെ പരിഷ്‌കരണങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button