ഇസ്ലാം വിശ്വാസികളുടെ ഏറ്റവും പവിത്രമായ ആരാധനാസ്ഥാനങ്ങളായ മദീനയിലെ പ്രവാചകന്‍റെ മോസ്ക്കിലെ ഇമാമും, മക്കയിലെ ഗ്രാന്‍ഡ് മോസ്ക്കിലെ ഇമാമും ഇസ്ലാമിന്‍റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന “തിന്മയുടെ ശക്തികള്‍ക്കെതിരെ” ശക്തിയുക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തു. ഈ തിന്മയുടെ ശക്തികള്‍ ലോകത്ത് ഭീതിയും നാശവും വിതച്ച്, ഇസ്ലാമിന്‍റെ എല്ലാവിധ പവിത്രതയേയും കളങ്കപ്പെടുത്തി, എല്ലാവിധ സുരക്ഷിത ബോധത്തേയും കാറ്റില്‍ പറത്തി, ദുര്‍മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച സൗദി നഗരങ്ങളായ മദീന, ഖതിഫ്, ജെദ്ദ എന്നിവടങ്ങളില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. മദീനയില്‍ വിശുദ്ധ പ്രവാചകനാല്‍ സ്ഥാപിക്കപ്പെട്ട, അദ്ദേഹത്തിന്‍റെ ഖബറിടം സ്ഥിതി ചെയ്യുന്ന മോസ്ക്കായിരുന്നു അക്രമകാരികള്‍ ലക്ഷ്യം വച്ചത്.
മക്കയിലെ മസ്ജിദ് അല്‍ ഹറം (ഗ്രാന്‍ഡ് മോസ്ക് ഓഫ് മക്ക) ഇമാമും, പ്രബോധകനുമായ ഷെയ്ഖ് ഖാലിദ് അലി അല്‍ ഘമേദി വെള്ളിയാഴ്ച നല്‍കിയ തന്‍റെ പ്രബോധനത്തിലാണ് ഭീകരവാദം ഇസ്ലാമിനേയും സൗദി അറേബ്യയും സംബന്ധിച്ച് വൈദേശികമായ ഒരു പ്രതിഭാസമാണെന്ന് ചൂണ്ടിക്കാട്ടിയത്. ഇസ്ലാമിന്‍റെ ഏറ്റവും പവിത്രമായ രണ്ട് ആരാധനാസ്ഥാനങ്ങളും സൗദിയിലാണ്.
“ഏറ്റവും വലുതും ഭയാനകവുമായ പാപം എന്നു പറയുന്നത് മുന്‍ധാരണയനുസരിച്ചും മനപ്പൂര്‍വ്വവും നിരപരാധികളായ ആളുകളുടെ രക്തം ചിന്തുക എന്നുള്ളതാണ്,” ഇമാം ഘമേദി പറഞ്ഞു.
ഈ വഴിതെറ്റിയ ആശയധാരയെ തുറന്നുകാട്ടി ജനങ്ങളേയും സമൂഹത്തേയും ഇവയുടെ പിടിയില്‍നിന്ന്‍ മുക്തരാക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പണ്ഡിതരോടും, രാഷ്ട്രീയനേതാക്കളോടും, ബുദ്ധിജീവികളോടും, മാദ്ധ്യമങ്ങളോടും ആഹ്വാനം ചെയ്തു.
മദീനയിലെ പ്രവാചകന്‍റെ മോസ്ക്കിലെ ഇമാമായ ഹുസൈന്‍ അല്‍ ഷെയ്ഖ് സൗദിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ “വഴിതെറ്റിയവരുടെ കൂട്ടം” എന്നാണ് വിശേഷിപ്പിച്ചത്.
Post Your Comments