തിരുവനന്തപുരം ● മൈക്രോഫിനാൻസിംഗ് തട്ടിപ്പ് കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടു. അഞ്ചുകോടി രൂപയുടെ അഴിമതി നടന്നെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജിയില്‍ പറയുന്നത്. പിന്നോക്ക ക്ഷേമ കോർപ്പറേഷൻ 3ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പ 13 ശതമാനത്തിന് മൈക്രോ ഫിനാൻസ് വഴി വെളളാപ്പളളി നടേശൻ മറിച്ചു നല്‍കിയെന്നാണ് പരാതി. 80 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥനത്തില്‍ പരാതിയിൽ പറയുന്ന നാലുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി നിർദ്ദേശവും നൽകിയിരുന്നു. വെള്ളാപ്പള്ളിയ്ക്കെതിരെ ഈ വെള്ളിയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആര്‍ സമർപ്പിക്കും .
പരാതിയുടെ അടിസ്ഥാനത്തില്‍ വെളളാപ്പളളി ഉൾപ്പെടെുളളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. കോർപ്പറേഷന്റെ ജില്ലാ ഓഫീസർമാരുടെ മൊഴിയും ക്രമക്കേട് നടന്നതായുളള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടും വിജിലൻസ് ശേഖരിച്ചു. കേസെടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments