ജോഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്കര് പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ. കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രിട്ടോറിയ ഹൈക്കോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷയില്‍ വിധി പ്രഖ്യാപിച്ചത്.
2013 ലാണ് വിധിക്കാസ്പദമായ കൊലപാതകം നടന്നത്. വാലന്റൈന്‍സ് ദിനത്തിന്റെ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. വിചാരണക്കോടതി ഈ വാദം അംഗീകരിച്ച് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
എന്നാല്‍ ഇതിനെതിരെ റീവയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ശിക്ഷ ഇപ്പോള്‍ ആറു വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. കേസില്‍ 29 കാരനായ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ക്കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന് ഹര്‍ജിയിലാണ് പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Post Your Comments