ഹൈദരാബാദ്: ഹൈദരാബാദിനെ നടുക്കിയ അതിക്രൂരമായ മറ്റൊരു കൊലപാതകം കൂടി അരങ്ങേറി. 35-കാരനായ ബിസിനസ്മാന്‍ തന്‍റെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച്, കഷണങ്ങള്‍ ഒരു സ്യൂട്ട്കേസിലാക്കി തീ കൊളുത്തുകയായിരുന്നു.
ഹൈദരാബാദ് നഗരത്തിനു വെളിയില്‍ ഷംഷാബാദില്‍ വച്ച് ഇയാളുടെ കാര്‍ കേടായപ്പോള്‍, നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടുകയും ചെയ്തു. മാധപ്പൂരില്‍ താമസിക്കുന്ന രൂപേഷ്കുമാര്‍ എന്നയാളാണ് ഭാര്യയുമായുള്ള നിരന്തരവഴക്കുകളെത്തുടര്‍ന്ന്‍ ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്കേസിലടച്ച ശേഷം 5-വയസുകാരിയായ മകളോടൊപ്പമാണ് ഷംഷാബാദിലെ മടനപ്പള്ളിയിലേക്ക് ഇയാള്‍ കാറോടിച്ചു പോയത്. അവിടെ വച്ച് ഇയാള്‍ സ്യൂട്ട്കേസിന് തീകൊളുത്തി.
പക്ഷേ, മടങ്ങിവരും വഴി കാര്‍ ഒരു ചളിക്കുണ്ടിലകപ്പെടുകയും, വിവരമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
കാറ് ചളിക്കുണ്ടില്‍ നിന്നും പുറത്തിറക്കാന്‍ നാട്ടുകാരുടെ സഹായം ആവശ്യപ്പെട്ടപ്പോഴാണ് അവര്‍ കാറിനുള്ളില്‍ രക്തക്കറ കണ്ട് സംശയം തോന്നി ഇയാളെ പിടിച്ച് പോലീസിലേല്‍പ്പിച്ചത്. ഭാര്യയുമായി നിരന്തരം ഉണ്ടാകുമായിരുന്ന വഴക്കുകളെത്തുടര്‍ന്നാണ് ഇങ്ങനെയൊരു കൃത്യം നിര്‍വ്വഹിച്ചതെന്ന്‍ രൂപേഷ്കുമാര്‍ പോലീസിനോട് പറഞ്ഞു.
ഭാഗികമായി കത്തിയ നിലയിലുള്ള ഇയാളുടെ ഭാര്യയുടെ ശരീരഭാഗങ്ങളും പോലീസ് കണ്ടെടുത്തു.
Post Your Comments